
കോട്ടയം: സംസ്ഥാന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഹെൽത്ത് സ്‌ക്രീനിംഗാണ് നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികൾക്ക് ഹെൽത്ത് കാർഡ് നൽകും. ഹെൽത്ത് കാർഡിൽ കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തും. ഈ കാർഡ് തുടർന്ന് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡ് ആയി മാറ്റും.
എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലി, ഹെൽത്ത് കോർണർ ഉണ്ടായിരിക്കും. ഓരോ സ്‌കൂളിലും ഹെൽത്ത് മെന്റർമാരായി അധ്യാപകരെ തെരഞ്ഞെടുത്ത് അവർക്ക് വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് തയ്യറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനവും നൽകും.
വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെൽത്ത് അംബാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെയും തിരഞ്ഞെടുക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാഗം കെ. ശങ്കരൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.കെ. പ്രസീദ, ഐ.സി.എം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ.ടി. അജിത, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.കെ.എസ്. മിനി, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എസ്. ഷീജ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ, സ്‌കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



