play-sharp-fill
എ.കെ.ജി സെന്ററിന് നേരെ ബോംബേറ്; രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്; ഇന്ന്‌ സി.പി.എം. വ്യാപക പ്രതിഷേധം സംഘടിപ്പിക്കും; സംസ്‌ഥാനത്ത്‌ ജാഗ്രത ശക്‌തമാക്കി പൊലീസ്

എ.കെ.ജി സെന്ററിന് നേരെ ബോംബേറ്; രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്; ഇന്ന്‌ സി.പി.എം. വ്യാപക പ്രതിഷേധം സംഘടിപ്പിക്കും; സംസ്‌ഥാനത്ത്‌ ജാഗ്രത ശക്‌തമാക്കി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബു വീണത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനടക്കമുള്ള മുതിർന്ന സിപിഎം നേതാക്കളെല്ലാം സംഭവ സ്ഥലത്തെത്തി. കെ.പി.സി.സി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ എ.കെ.ജി സെന്റർ അടക്കമുള്ള പ്രധാന പാർട്ടി ഓഫീസുകൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബ് പൊട്ടിയതോടു കൂടി വലിയ രീതിയിലുള്ള പുക അനുഭവപ്പെട്ടതായും വലിയ ശബ്ദമുണ്ടായതായും ഇ.പി ജയരാജൻ പറഞ്ഞു. ഇത് ആക്രമണങ്ങളുടെ ബാക്കി പത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് മുതിർന്ന സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ചു നടത്തി. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് സിപിഐ എം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു.

ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ അര്‍ധരാത്രിയില്‍ ഡി.വൈ.എഫ്‌.ഐ. – എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതിനു പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ എ.കെ.ജി. സെന്ററില്‍നിന്നു സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി ആന്റണി രാജു, എ.എ. റഹീം എം.പി., പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍, പി.കെ. ശ്രീമതി, സി.പി.എം. ഓഫീസ്‌ സെക്രട്ടറി ബിജു കണ്ടക്കൈ, സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തി. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തു. വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരേ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ്‌ ബോംബേറെന്ന്‌ സ്‌ഥലത്തെത്തിയ സി.പി.എം. നേതാക്കള്‍ ആരോപിച്ചു. സംസ്‌ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാനുള്ള ശ്രമമാണ്‌ ആക്രമണത്തിന്‌ പിന്നില്‍ എന്ന്‌ മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ആക്രമണത്തെത്തുടര്‍ന്ന്‌ പോലീസ്‌ സംസ്‌ഥാനത്ത്‌ ജാഗ്രത ശക്‌തമാക്കിയിട്ടുണ്ട്‌. ആക്രണമത്തിന്റെ പശ്‌ചാത്തലത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്റെ പോലീസ്‌ സുരക്ഷ പോലീസ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കണ്ണൂര്‍ ജില്ലയില്‍ പോലീസ്‌ രാത്രി പട്രോളിങ്‌ ശക്‌തമാക്കി. പാര്‍ട്ടി ആസ്‌ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ സി.പി.എം. വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.