കളിക്കളം മുതൽ ഗ്രാമീണ ടൂറിസം വരെ; അകലക്കുന്നം പഞ്ചായത്തിൽ നടന്ന വികസന സദസ് പങ്കുവച്ചത് മാറ്റത്തിന്റെ സാധ്യതകൾ; വരാൻ പോകുന്നത് നാടിന് ഉപകരിക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ

Spread the love

കോട്ടയം: അകലക്കുന്നം ഗ്രാമ പഞ്ചായത്തിൽ നടന്ന ജില്ലയിലെ ആദ്യ വികസന സദസിൽ അവതരിപ്പിക്കപ്പെട്ടത് നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്ന ചെറുതും വലുതുമായ പദ്ധതികൾ.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, സെക്രട്ടറി സജിത്ത് മാത്യൂസ് എന്നിവർ നയിച്ച ചർച്ചയിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് വരുംവർഷങ്ങളിൽ നടപ്പാക്കേണ്ട വിവിധ വികസന ആശയങ്ങൾ മുന്നോട്ടുവച്ചത്.

ബ്ലോക്കുതലത്തിലോ പഞ്ചായത്തുതലത്തിലോ ഒരു പൊതുശ്മശാനം വേണമെന്ന ആവശ്യം പ്രദേശവാസികളിലൊരാളായ ശോഭനാ രാജ് മുന്നോട്ടുവെച്ചു. കുട്ടികൾക്ക് ഒരു കളിസഥലം വേണമെന്നായിരുന്നു ജെയ്മോൻ പി. ജെയിംസിന്റെ നിർദ്ദേശം.

കൃഷി പ്രധാന ഉപജീവനമാർഗമായുള്ള ഗ്രാമപഞ്ചായത്തിൽ ജലാശയങ്ങളിൽ നിന്ന് കൃഷിക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിയും വിളകൾ സംഭരിക്കാനുള്ള കേന്ദ്രവും മഴവെള്ളം ശേഖരിക്കാനുള്ള ജലസംഭരണികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ വേണമെന്ന് ഗ്രാമപഞ്ചായത്തംഗം മാത്തുക്കുട്ടി ആന്റണി പറഞ്ഞു.

നിലവിലുള്ളതിനു പുറമെ പുതിയൊരു മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കൂടി സജ്ജീകരിക്കണമെന്നായിരുന്നു ഹരിതകർമ്മ സേനാംഗം ശ്രീജയുടെ ആവശ്യം.

കന്നുകുട്ടി പരിപാലത്തിന് മുൻഗണന നൽകണമെന്ന് ക്ഷീരകർഷകനായ ബിജിൻ ജോസ് നിർദേശിച്ചു. ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ ആശാ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.