play-sharp-fill
അലോക് വർമ്മയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവുകളില്ല; ജസ്റ്റിസ് എ.കെ പട്‌നായിക്

അലോക് വർമ്മയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവുകളില്ല; ജസ്റ്റിസ് എ.കെ പട്‌നായിക്


സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്ടർ അലോക് വർമയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവുകളില്ലെന്ന് കേസുകളിൽ അന്വേഷണം നടത്തുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്. സി.വി.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ലെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി. അലോക് വർമയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നിൽ വന്ന് മൊഴി നൽകിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരിൽ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നൽകുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി.

ഈമാസം 31-ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വർമയെ സി.ബി.ഐ. ഡയറക്ടർസ്ഥാനത്തുനിന്ന് നീക്കിയത്.കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിർബന്ധിത അവധിയിൽ പോകേണ്ടിവന്ന വർമ, സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് സി.ബി.ഐ. ഡയറക്ടർ പദവിയിൽ തിരിച്ചെത്തി 48 മണിക്കൂർ തികയുംമുമ്പായിരുന്നു പുറത്താക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. ഖാർഗെ നടപടിയോട് വിയോജിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവർഷം ഓഗസ്റ്റിൽ അസ്താന നൽകിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24-ലെ കുറിപ്പിൽ വർമയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്‌നായിക്കിന്റെ മേൽനോട്ടത്തിൽ സി.വി.സി. അന്വേഷിച്ചത്. സി.വി.സി. റിപ്പോർട്ടിൽ വർമയ്ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാൻ ഉന്നതാധികാരസമിതി തീരുമാനിച്ചത്.