
ഡൽഹി: ബാരാമതിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നല്‍കിയത് എന്തിനെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നല്കിയതും, ലിയാഡ്ജെറ്റ് 45 മോഡല്‍ വിമാനം നേരത്തെ അപകടത്തില്‍പെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയർത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യം പരസ്യമായി രംഗത്തെത്തിയത്. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും, പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന്റെ അറ്റകുറ്റ പണിയും, ക്ലിയറൻസ് നല്കിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കില്‍ ലാൻഡിംഗിന് അനുമതി നല്‍കാറില്ല, ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.



