
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. ഡൽഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അൻപത് ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും.
കൂടാതെ ശൈത്യകാലത്ത് വരുന്ന വായുമലിനീകരണത്തിന്റെ ഉച്ചസ്ഥിതിയെ തുടര്‍ന്ന് ഓഫീസ് സമയങ്ങളിലും ക്രമീകരണം വരുത്തുകയാണ്. നവംബർ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുക. നിലവില്‍ സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 വരെ ആണെങ്കിലും, ഇനി ഇത് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയാകും.
മുനിസിപ്പല്‍ കോർപ്പറേഷൻ ഓഫീസുകളുടെയും സമയക്രമത്തില്‍ മാറ്റങ്ങളുണ്ട്. ഇപ്പോള്‍ രാവിലെ 9 മണി മുതല്‍ 5.30 വരെയാണ് പ്രവർത്തനം. എന്നാല്‍ നവംബർ 15 മുതല്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും പുതിയ സമയം. വായു മലിനീകരണം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനെ തുടർന്ന് ഗതാഗത തിരക്ക് കുറയ്ക്കുക, തൊഴിലിടങ്ങളിലെ ജനത്തിരക്ക് കുറയ്ക്കുക തുടങ്ങിയതും ഈ തീരുമാനം ലക്ഷ്യമിടുന്ന കാര്യങ്ങളാണ്. ശൈത്യകാലത്ത് മലിനീകരണം കൂട്ടാൻ ഇടയുള്ള മന്ദഗതിയിലുള്ള വായു ചലനമാണ് ഈ സമയത്ത് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മലിനീകരണം നിയന്ത്രിക്കുന്നതില്‍ സർക്കാരിന്റെ നീക്കങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യവുമായി ജനകീയ പ്രതിഷേധത്തിനുള്ള നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. മലിനീകരണ പ്രതിസന്ധിക്കെതിരെ നാളെ ഇന്ത്യ ഗേറ്റിന് മുന്നില്‍ വൈകുന്നേരം 5 മണിക്ക് പൊതു പ്രതിഷേധം സംഘടിപ്പിക്കാനാണ് ചില കൂട്ടായ്മകള്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഈ പ്രതിഷേധത്തിന് പൊലീസില്‍ നിന്ന് അനുമതി ലഭിച്ചില്ല. പൊതു സ്ഥലത്ത് ജനക്കൂട്ടം ഒരുമിച്ചുകൂടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാമെന്നാണ് പൊലീസിന്റെ വാദം. പ്രതിഷേധങ്ങള്‍ നിഷേധിച്ചതിനെ തുടർന്ന് സംഘാടകർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.




