
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ച് എയർഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത എയർഹോണുകള്‍ നശിപ്പിച്ചു. കൊച്ചിയില്‍ നൂറിലധികം എയർ ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്.
മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് പരിശോധന. ഒക്ടോബർ 13 മുതല്‍ 19 വരെയാണ് സംസ്ഥാന വ്യാപകമായി എയര്‍ ഹോണ്‍ പരിശോധന നടന്നത്. എയർ ഹോണുകള്‍ മുഴക്കി അമിതവേഗതയില്‍ സഞ്ചരിച്ച 211 വാഹനങ്ങള്‍ മോട്ടോർ വാഹനവകുപ്പ് പിടികൂടി. 4,48,000 രൂപ പിഴയും ചുമത്തി. പിടിച്ചെടുത്ത എയർ ഹോണുകള്‍ റോഡ് റോളറും, ജെസിബിയും ഉപയോഗിച്ച് നശിപ്പിച്ചു.
വാഹനങ്ങളിലെ അനധികൃത എയർ ഹോണുകള്‍ കണ്ടെത്താൻ സ്പെഷ്യല്‍ ഡ്രൈവിന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. മോട്ടോർ വെഹിക്കിള്‍ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം ഇത്തരത്തില്‍ 53 വാഹനങ്ങള്‍ പിടികൂടി. ആർടിഒമാരുടെ നേതൃത്വത്തില്‍ 141 വാഹനങ്ങളും പിടികൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലും എയർ ഹോണുകള്‍ വ്യാപകമാണ്. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർ ഹോണുകള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായി നടപടികള്‍ ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group



