മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി, ബദല്‍ യാത്രാ സൗകര്യം ഏർപ്പെടുത്തിയില്ല ; എയർ ഏഷ്യാ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ; എയർ ഏഷ്യ, ഇൻഫിനിറ്റി ട്രാവല്‍ കെയർ കോട്ടയം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുകയും ബദല്‍ യാത്രാ സൗകര്യം ഏർപ്പെടുത്താതിരിക്കുകയും ചെയ്ത എയർ ഏഷ്യാ വിമാനകമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം സ്വദേശികളായ കാരുളില്‍ രവികുമാർ, ഭാര്യ ചന്ദ്രിക രവികുമാർ എന്നിവർ എയർ ഏഷ്യ, ഇൻഫിനിറ്റി ട്രാവല്‍ കെയർ കോട്ടയം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുവാത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് വരാനായി 24 അംഗ യാത്രാസംഘത്തില്‍ ഉള്‍പ്പെട്ട പരാതിക്കാർ 2021 നവംബർ മാസത്തിലാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 ജനുവരി 29ന് യാത്ര പുറപ്പെടാനായി കണ്‍ഫർമേഷൻ എസ്‌എംഎസ് ലഭിക്കുകയും ചെയ്തു.

എന്നാല്‍ ഗുവാത്തിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് 2022 ജനുവരി 26ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനം നിമിഷം റദ്ദാക്കി. സാങ്കേതിക പ്രശ്നമാണ് വിമാന കമ്ബനി പറഞ്ഞത്. എന്നാല്‍ ഓവർ ബുക്കിങ്ങിലൂടെ കൂടിയ വിലയ്ക്ക് ടിക്കറ്റ് വില്‍ക്കാനായിരുന്നു നീക്കമെന്നാണ് പരാതിക്കാരുടെ വാദം. പകരം സംവിധാനം ഏർപ്പെടുത്തുകയോ തുക തിരിച്ച്‌ നല്‍കുകയോ ചെയ്തില്ല. ഇത് തികച്ചും അധാർമികമാണെന്നും നിയമവിരുദ്ധമാണെന്നും പരാതിക്കാരൻ ബോധിപ്പിച്ചു.

വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച പാസഞ്ചർ ചാർട്ടർ പ്രകാരം വിമാനം റദ്ദാക്കുന്നതിന് രണ്ടാഴ്ചയ്ക്കു മുമ്ബെങ്കിലും അക്കാര്യം യാത്രക്കാരനെ അറിയിച്ചിരിക്കണം. “യാതൊരു മുന്നറിയിപ്പും നല്‍കാതെ യാത്ര അനിശ്ചിതത്തിലാക്കുകയും യാത്രാപരിപാടികളുടെ താളംതെറ്റിക്കുകയും ചെയ്തു. യാത്രക്കാർ ഏറെ മനക്ലേശവും സാമ്ബത്തിക നഷ്ടവും അനുഭവിക്കേണ്ടി വന്നു.

ഉപഭോക്തൃ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിത്. പ്രതിബദ്ധതയും മാന്യമായ പെരുമാറ്റവും സേവന ദാതാക്കളില്‍ നിന്നും ലഭിക്കുക എന്നത് ഉപഭോക്താക്കളുടെ അവകാശമാണ്”- ഡി.ബി. അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് ഓർമിപ്പിച്ചു.

പകരം യാത്രക്ക് അധികമായി ചിലവഴിക്കേണ്ടി വന്ന 25,000 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതിച്ചിലവ് ഇനത്തില്‍ 10,000 രൂപയും ചേർത്താണ് 75,000 അനുവദിക്കാൻ ഉത്തരവായിരിക്കുന്നത് 45 ദിവസത്തിനകം ഈ തുക അനുവദിച്ചില്ലെങ്കില്‍ ഒമ്ബത് ശതമാനം പലിശ സഹിതം ഒടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാതിക്കാരനു വേണ്ടി അഡ്വ.കെ.രാധാകൃഷ്ണൻ നായർ ഹാജരായി.