
കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ല, എയിംസ് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധവുമായി കേരള എം.പിമാർ
ന്യൂഡൽഹി: എയിംസ് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം.പിമാർ. കേരളത്തിൽ നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ പറഞ്ഞിരുന്നത്.
എന്നാൽ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റിൽ എയിംസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. അതേസമയം, കേരളത്തെ അവഗണിച്ചെന്ന ആരോപണം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, ‘എയിംസ് വരും, വന്നിരിക്കും, പക്ഷേ കേരള സർക്കാർ കൃത്യമായി സ്ഥലം തരണം’ എന്നായിരുന്നു മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തരോട് ‘അത് മതിയോ’ എന്ന മറുചോദ്യമാണ് മന്ത്രി ചോദിച്ചത്. നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട് അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ മന്ത്രി സുരേഷ്ഗോപി തയാറായിരുന്നില്ല.
ബജറ്റിന് മുമ്പ് എയിംസ് വരുമോ എന്ന ചോദ്യത്തിന്, ബജറ്റ് വരട്ടെ, ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്. എന്നാൽ, ബജറ്റിൽ എയിംസ് തഴയപ്പെട്ടതോടെ പ്രതിരോധത്തിലായ മന്ത്രി മലക്കം മറിയുകയായിരുന്നു.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കോഴിക്കോട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയുടെ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരുന്നു.