
എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യ ശാസ്ത്രലോകം..
സ്വന്തംലേഖകൻ
എയ്ഡ്സ് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യ ശാസ്ത്രലോകം. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് എയിഡ്സ് രോഗിയിലും പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ രോഗി എന്ന് വിശേഷിപ്പിച്ച ഒരു രോഗി ഈ ചികിത്സയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ നേച്ചര്‍ മാഗസിനിലൂടെ ഉടന്‍ തന്നെ പുറത്ത് വിടും.
അര്‍ബുദവും എയിഡ്സും ഉണ്ടായിരുന്ന രോഗിയാണിത്. അര്‍ബുദത്തിന്റെ ചികിത്സയുടെ ഭാഗമായാണ് ഇയാളില്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഈ കോശങ്ങള്‍ എച്ച്ഐവി വൈറസുകളെ പ്രതിരോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പന്ത്രണ്ട് വര്‍ഷമായി എച്ച്.ഐ.വി രോഗ ബാധിതനായ വ്യക്തിയാണ് ഇപ്പോള്‍ രോഗവിമുക്തനായിരിക്കുന്നത്.
ഇയാളുടെ വാക്കുകളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് പൂര്‍ണ്ണമായും കരുതിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവിശ്വസനീയമായ അവസ്ഥയിലാണ്, രോഗം ഭേദമായിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാരോട് നന്ദിയുണ്ട്. വളരെ പ്രയാസമേറിയ ചികില്‍സ രീതിയില്‍ ഞാൻ അവരോട് പൂർണ്ണമായി സഹകരിച്ചുവെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ എയിഡ്സ് രോഗിയില്‍ അര്‍ബുദബാധിതരെപോലെയല്ല ഈ ചികിത്സ ഫലം ചെയ്യുക. വലിയ പാര്‍ശ്വഫലങ്ങള്‍ വരെ ഇത് എയിഡ്സ് രോഗികളില്‍ ഉണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.
മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
2007ലും സമാനമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. എയ്ഡ്സിനൊപ്പം രക്താര്‍ബുദവും ബാധിച്ച തിമോത്തി റേ ബ്രൗണ്‍ എന്നയാൾ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ഇരുരോഗങ്ങളില്‍ നിന്നും മുക്തയാവുകയും ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് 37മില്യണ്‍ പേര്‍ക്കാണ് എച്ച്ഐവി ബാധയുള്ളതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 1980ന് ശേഷം 35മില്യണ്‍ പേര്‍ ഈ രോഗാവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു..