ഭിന്നശേഷി നിയമനം: മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് സിഎംഎസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ

Spread the love

കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തുന്ന പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ നീയന്ത്രണത്തിലുള്ള സിഎംഎസ് സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ.

ഭിന്നശേഷിക്കാരെ നീയമിക്കുന്നതിനുള്ള എതിർപ്പല്ല മറിച്ച് ആവശ്യമുളള തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ നിന്ന് ഭിന്നശേഷി സംവരണത്തിൽ നീയമിക്കപ്പെടേണ്ട അധ്യാപകരെ ലഭിക്കാത്തതാണ് നീയമനങ്ങൾ നടക്കാത്തതിന്റെ യഥാർത്ഥകാരണം.

സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഭിന്നശേഷി സംവരണം വഴി നികത്തേണ്ട 28 തസ്തികകൾക്കു വേണ്ടി നാല് പ്രാവശ്യം അഭിമുഖങ്ങൾ നടത്തിയിട്ടും ഒൻപത് നീയമനങ്ങൾ മാത്രമാണ് നടത്താനായത്. യോഗ്യരായവരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നിന്ന് സർക്കാർ ലഭ്യമാക്കിയാൽ സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെന്റ് യഥാസമയം ഭിന്നശേഷി സംവരണം പൂർത്തീകരിക്കാൻ തയ്യാറെന്നും മാനേജർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാലയങ്ങളിലെ അധ്യയനത്തെപ്പോലും ബാധിക്കത്തക്കവിധത്തിൽ ഭിന്നശേഷി സംവരണത്തിൽ നികത്തപ്പെടേണ്ട തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മറ്റ് നൂറോളം തസ്തികകളിൽ നീയമിക്കപ്പെട്ടവർക്ക് വർഷങ്ങളായി അർഹതപ്പെട്ട ശമ്പളവും കൊടുക്കാൻ സർക്കാർ തയ്യാറല്ല. കേരളത്തിലെ വിദ്യാഭാസ രംഗം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിലെ യഥാർത്ഥ വസ്തുതകൾ മറച്ച് വച്ച് ക്രൈസ്തവ കോർപ്പറേറ്റ് മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരാണന്ന് വരുത്തിത്തീർക്കാനുള്ള മന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ഭിന്നശേഷി സംവരണ തസ്തികകളിലേക്ക് നീയമിക്കുവാൻ യോഗ്യരായവർ ഇല്ലാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ നീയമനങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.