എഐ ആര്‍ക്കും പഠിക്കാം; എട്ട് സൗജന്യ ഓണ്‍ലൈന്‍ എഐ കോഴ്സുകളുമായി ഗൂഗിള്‍

Spread the love

കോട്ടയം: എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സമഗ്ര മേഖലകളിലും പിടിമുറുക്കുന്ന കാലമാണ്. എഐ ടൂളുകള്‍ ഉപയോഗിക്കാനറിയാവുന്നവര്‍ക്ക് ജോലി സാധ്യതകളും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ സൗജന്യമായി എഐ കോഴ്‌സുകള്‍ പഠിച്ചാലോ? ഗൂഗിള്‍ ഇതിനായി അവസരമൊരുക്കിയിരിക്കുകയാണ്. ഗൂഗിള്‍ നല്‍കുന്ന എട്ട് സൗജന്യ എഐ കോഴ്‌സുകളെ കുറിച്ച് വിശദമായി അറിയാം.

1. ഇന്‍ട്രോഡക്ഷന്‍ ടു ജനറേറ്റീവ് എഐ- ദൈര്‍ഘ്യം 45 മിനിറ്റ്

എന്താണ് ജനറേറ്റീവ് എഐ എന്ന് പരിചയപ്പെടുത്തുകയാണ് ഈ കോഴ്‌സിന്‍റെ ലക്ഷ്യം. പരമ്പരാഗത മെഷീന്‍ ലേണിംഗില്‍ നിന്ന് ജനറേറ്റീവ് എഐ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും നിങ്ങളുടെ സ്വന്തം ജെന്‍ എഐ ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍ ടൂളുകള്‍ എങ്ങനെ സഹായിക്കുമെന്നും ഈ കോഴ്‌സിലൂടെ മനസിലാക്കാം. കസ്റ്റമര്‍ സര്‍വീസ് ബോട്ടുകള്‍ മുതല്‍ പരസ്യങ്ങളില്‍ വരെ ജെനറേറ്റീവ് എഐ പിടിമുറുക്കുന്ന ഇക്കാലത്ത് ഈ സാങ്കേതികവിദ്യയെ കുറിച്ച് മനസിലാക്കാനും ഡിസൈന്‍ ചെയ്യാനും ഈ കോഴ്‌സ് വഴി സാധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഇന്‍ട്രോഡക്ഷന്‍ ടു ലാര്‍ജ് ലാംഗ്വേജ് മോഡല്‍സ്- ദൈര്‍ഘ്യം ഒരു മണിക്കൂര്‍

എന്താണ് ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ എന്ന് മനസിലാക്കുകയാണ് ഈ കോഴ്‌സിന്‍റെ ഉദ്ദേശം. ഗൂഗിളിന്‍റെ സ്വന്തം എല്‍എല്‍എം മോഡലുകളുമായി ബന്ധപ്പെട്ടാണ് ഈ കോഴ്സ്. എങ്ങനെ മികച്ച രീതിയില്‍ പ്രോംപ്റ്റ് ചെയ്യാമെന്നും സമയം ലാഭിക്കാമെന്നും ജെമിനിയും ചാറ്റ്‌ജിപിടിയും പോലുള്ള എഐ ടൂളുകളില്‍ നിന്ന് മികച്ച ഫലം നേടാമെന്നും ഇതിലൂടെ മനസിലാക്കാം.

3. ഇന്‍ട്രോഡക്ഷന്‍ ടു റെസ്‌പോണ്‍സിബിള്‍ എഐ- ദൈര്‍ഘ്യം 30 മിനിറ്റ്

പ്രായോഗികതലത്തില്‍ റെസ്‌പോണ്‍സിബിള്‍ എഐ എങ്ങനെയാണ് എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന കോഴ്‌സ്. ഗൂഗിളിന്‍റെ ഏഴ് എഐ തത്വങ്ങളും ധാര്‍മ്മിക വശവും പഠിപ്പിക്കുന്നു. നിങ്ങള്‍ ഏത് കാര്യത്തിന് എഐ ഉപയോഗിച്ചാലും അതിന്‍റെ എത്തിക്സ് മനസിലാക്കേണ്ടതുണ്ട്.

4. ഇന്‍ട്രോഡക്ഷന്‍ ടു ഇമേജ് ജനറേഷന്‍- ദൈര്‍ഘ്യം 30 മിനിറ്റ്

എഐ-ജനറേറ്റഡ് ദൃശ്യങ്ങള്‍ക്ക് പിന്നിലെ സാങ്കേതികത മനസിലാക്കുകയാണ് ഈ കോഴ്‌സിന്‍റെ ലക്ഷ്യം. ബ്രാന്‍ഡിംഗ്, സോഷ്യല്‍ മീഡിയ, യുഐ ഡിസൈന്‍, ഇ-കൊമേഴ്സ് പോലുള്ള വിവിധ മേഖലകളില്‍ എഐ നിര്‍മ്മിത ചിത്രങ്ങള്‍ എങ്ങനെ കൂടുതല്‍ ക്രിയാത്മകവും ആശയസംവേദനശേഷിയുള്ളതുമായി മാറ്റാമെന്ന് ഈ കോഴ്‌സ് വഴി അറിയാം.

5. അറ്റന്‍ഷന്‍ മെക്കാനിസം- ദൈര്‍ഘ്യം 45 മിനിറ്റ്

ട്രാന്‍സ്‌ലേഷന്‍, സമ്മറൈസേഷന്‍, ചോദ്യത്തോരങ്ങള്‍ എന്നിവയില്‍ അറ്റന്‍ഷന്‍ മെക്കാനിസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാന്‍ ഈ കോഴ്‌സ് വഴി സാധിക്കും. ഡോക്യുമെന്‍റേഷന്‍, റിസര്‍ച്ച്, കണ്ടന്‍റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഗുണകരമാകും.

6. ട്രാന്‍സ്‌ഫോമര്‍ മോഡല്‍സ് ആന്‍ഡ് BERT മോഡല്‍- 45 മിനിറ്റ്

എഐയിലെ ട്രാന്‍സ്‌ഫോമര്‍ മോഡലുകളുടെ അഗാധ പഠനമാണ് ഈ കോഴ്‌സ്. എഐ അധിഷ്‌ഠിത കണ്ടന്‍റ് പൈപ്പ്‌ലൈന്‍, ചാറ്റ് ഇന്‍റര്‍ഫേസ്, എന്‍എല്‍പി-അധിഷ്‌ഠിത സൊലൂഷന്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്പെടും. ഡാറ്റാ സയന്‍റിസ്റ്റുകള്‍ക്കും പ്രയോജനപ്പെടുന്ന കോഴ്‌സാണിത്.

7. ക്രിയേറ്റ് ഇമേജ് കാപ്ഷനിംഗ് മോഡല്‍സ്- ദൈര്‍ഘ്യം 30 മിനിറ്റ്

ഇമേജുകള്‍ക്ക് ക്യാപ്ഷന്‍ നല്‍കുന്ന മോഡലുകളെ എങ്ങനെ പരിശീലിപ്പിക്കാം എന്ന് വിശദീകരിക്കുകയാണ് ഈ കോഴ്‌സിന്‍റെ ഉള്ളടക്കം. മാധ്യമ, വിദ്യാഭ്യാസ, പ്രസാധക, ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് സഹായകമാകും.

8. ഇന്‍ട്രോഡക്ഷന്‍ ടു വെര്‍ടെക്സ് എഐ സ്റ്റുഡിയോ- ദൈര്‍ഘ്യം 2 മണിക്കൂര്‍

വെര്‍ടെക്സ് എഐ സ്റ്റുഡിയോ ഉപയോഗിച്ച് ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് വിശദമായി മനസിലാക്കുകയാണ് ഈ കോഴ്‌സിന്‍റെ കാതല്‍. പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, മോഡല്‍ ട്യൂണിംഗ്, ആപ്പ് ഡിപ്ലോയ്‌മെന്‍റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രോഡക്‌ട് മാനേജര്‍മാര്‍, ഇന്നവേഷന്‍ ലീഡ്‌സ്, സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ എന്നിവര്‍ക്ക് ഈ കോഴ്‌സ് ഉപകാരപ്പെടും.