play-sharp-fill
കുറ്റവാളികൾ ജാഗ്രതൈ ; കുറ്റവാളികളെ നിമിഷങ്ങൾക്കകം കണ്ടെത്താൻ പോലീസിന്റെ എഐ ക്യാമറകളെത്തുന്നു

കുറ്റവാളികൾ ജാഗ്രതൈ ; കുറ്റവാളികളെ നിമിഷങ്ങൾക്കകം കണ്ടെത്താൻ പോലീസിന്റെ എഐ ക്യാമറകളെത്തുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: ഏത് തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താൻ കേരളാ പോലീസിന്റെ കൃത്രിമ ബുദ്ധിയുള്ള ക്യാമറ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) നിരീക്ഷണ ക്യാമറകൾ ഇതിനായി ഉടൻ എത്തും.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ തമ്ബാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ആദ്യ കൺട്രോൾ റൂം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലായിരിക്കും. ഇതിനായി കെ-ഡിസ്‌ക് (കേരള ഡവലപ്മെന്റ് ഓഫ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ) സ്റ്റാർട്ടപ്പുകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 24 ആണ് താത്പര്യപത്രം സ്വീകരിക്കാനുള്ള അവസാന തീയതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ ചിത്രങ്ങൾ ആദ്യം ക്യാമറാ മെമ്മറിയിൽ അപ്ലോഡ് ചെയ്യും. അവരിൽ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കാൻ എഐ ക്യാമറയ്ക്ക് സാധിക്കും. മുഖത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന ഫേഷ്യൽ റെകഗ്നിഷൻ സാങ്കേതിക വിദ്യയാണ് എഐ ക്യാമറയിൽ ഉപയോഗിക്കുന്നത്.

ഒട്ടേറെ മുഖങ്ങൾ ഒരേസമയം തിരിച്ചറിയാൻ ക്യാമറയ്ക്ക് സാധിക്കും. പോലീസിന്റെ വിവര ശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കൺട്രോൾ റൂമിലേക്കു തത്സമയം നൽകുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അയയ്ക്കും. റോഡിൽ നിയമ ലംഘനം നടത്തുന്നവരെ പിടികൂടാൻ മോട്ടർ വാഹന വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. കെൽട്രോൺ ആണ് പദ്ധതി നിർദേശം തയാറാക്കിയത്.