അഹ്മദാബാദ് വിമാനാപകടം; കാരണങ്ങള്‍ പരിശോധിക്കുന്നതിനുള്ള സർക്കാരിന്റെ ഉന്നതതല യോഗം തിങ്കളാഴ്ച

Spread the love

ന്യൂഡൽഹി: അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയർ ഇന്ത്യ എ.ഐ 171 വിമാനം തകർന്നുവീണതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനുള്ള സർക്കാരിന്റെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

വിമാന അപകട അന്വേഷണ ബ്യൂറോയുടെ (എ.എ.ഐ.ബി) നേതൃത്വത്തില്‍ അപകടത്തെക്കുറിച്ചുള്ള സാങ്കേതിക അന്വേഷണം ഇതിനോടകം തന്നെ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ കൂട്ടിച്ചേർത്തു.

അഹ്മദാബാദിലെ ദാരുണമായ വിമാനാപകടത്തെക്കുറിച്ച്‌ എ.എ.ഐ.ബിയുടെ അന്വേഷണം നടക്കുന്നുണ്ട്. അത് വിമാനത്തിന്റെ സാങ്കേതികവും അപകടം നടക്കാനുള്ള സാധ്യതകളെക്കുറിച്ചുമാണ് പരിശോധിക്കുന്നത്. എന്നാല്‍ സർക്കാരിന്റെ ഉന്നതതല സമിതി കൂടുതല്‍ സമഗ്രമായി അന്വേഷിക്കുമെന്നും വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ പരിശോധിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ തലവൻ. സിവില്‍ ഏവിയേഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗുജറാത്ത് സർക്കാർ, ഇന്ത്യൻ വ്യോമസേന, ഇന്റലിജൻസ് ബ്യൂറോ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. ഈ കമ്മിറ്റി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്.ഒ.പികള്‍) പുറപ്പെടുവിച്ച നിർദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. കൂടാതെ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും കമ്മിറ്റി നിർദ്ദേശിക്കുകയും ചെയ്യുമെന്ന് സിവില്‍ ഏവിയേഷൻ മന്ത്രാലയം പറഞ്ഞു.

ബോയിങ് എന്ന അമേരിക്കൻ കമ്ബനിയാണ് വിമാനം നിർമ്മിച്ചതെന്നും അത് യു.എസില്‍ നിർമ്മിച്ചതായതിനാല്‍ യു.എസ് നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌.ടി‌.എസ്‌.ബി) അന്വേഷണത്തില്‍ എ‌.എ‌.ഐ‌.ബിയെ സഹായിക്കുന്നുണ്ട്. യു.കെയിലെ ഒരു എ‌.എ‌.ഐ‌.ബി സംഘവും അന്വേഷണത്തില്‍ ഒപ്പമുണ്ട്.