
അഹമ്മദാബാദിൽ 242 പേരുമായി ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെ ബോയിംഗ് 787 ഡ്രീംലൈനറിന്റെ ചരിത്രവും റെക്കോർഡുകളെല്ലാം മാറി.14 വർഷത്തിനിടെ ഈ മോഡൽ വിമാനങ്ങൾ ഒരു ബില്യണിലധികം യാത്രക്കാരുമായി പറന്നു. 2011ൽ സർവീസ് ആരംഭിച്ചതിന് ശേഷം മാരകമായ അപകടങ്ങളൊന്നുമുണ്ടായില്ല എന്നതും വലിയ നേട്ടമായി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സർവീസുകൾക്കായി എയർലൈൻ കമ്പനികൾ ഉപയോഗിക്കുന്ന പ്രധാന ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787 ഡ്രീംലൈനർ. ആദ്യത്തെ വാണിജ്യ വിമാനം 2011 ഒക്ടോബർ 26 ന് ടോക്കിയോ നരിറ്റയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന ഓൾ നിപ്പോൺ എയർവേയ്‌സ് വിമാനമായിരുന്നു. ബോയിംഗ് 787 സീരീസിൽ ഇപ്പോൾ മൂന്ന് മോഡലുകളാണ് സർവീസ് നടത്തുന്നത്.
അഹമ്മദാബാദ് അപകടത്തിൽ ഉൾപ്പെട്ട ബോയിംഗ് 787-8 ആണ് ആദ്യം അവതരിപ്പിച്ചതും ശ്രേണിയിലെ ഏറ്റവും ചെറുതും. 787-8 ന് 248 യാത്രക്കാരെ വഹിക്കാൻ കഴിയും. കൂടുതൽ റേഞ്ചുള്ള 787-9 ന് 296 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മൂന്നിൽ ഏറ്റവും വലിയ വിമാനമായ 787-10ൽ 336 പേർക്ക് യാത്ര ചെയ്യാനാകുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോയിംഗ് 787 മോഡൽ അവതരിപ്പിച്ചതിനുശേഷം 2,500-ലധികം വിമാനങ്ങൾ വിറ്റഴിച്ചു. 47 എണ്ണം എയർ ഇന്ത്യ വാങ്ങി. 1,189 ജെറ്റുകൾ അവർ ഡെലിവറി ചെയ്തു. പക്ഷേ മറ്റ് മോഡലുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ കാരണം ഉൽപ്പാദനം വൈകുന്നു. ഇരട്ട എഞ്ചിനുകളുള്ള 787, രണ്ട് തരം എഞ്ചിനുകളാണുള്ളത്. ജിഇ എയറോസ്പേസും റോൾസ് റോയ്സുമാണ് എൻജിനുകൾ നിർമിക്കുന്നത്. അഹമ്മദാബാദിൽ തകർന്ന വിമാനത്തിന്റെ എൻജിൻ ജിഇ എയറോസ്പേസ് നിർമിച്ചതായിരുന്നു.
ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞതുമായ സംയുക്ത വസ്തുക്കളുടെയും കൂടുതൽ വൈദ്യുത സംവിധാനങ്ങളുടെയും ഉപയോഗത്തിലൂടെ 20% കൂടുതൽ ഇന്ധനക്ഷമതയാണ് 787 ലൈനിന്റെ പ്രധാന പ്രത്യേകത. വലിപ്പം, ശ്രേണി, കാര്യക്ഷമത എന്നിവയിൽ ബോയിംഗ് 747, എയർബസ് A380 പോലുള്ള വലിയ വിമാനങ്ങളെ ബോയിംഗ് 787 ഡ്രീംലൈനർ മറികടന്നു.
ബോയിംഗ് 787 ഡ്രീംലൈനറിന്റെ വെല്ലുവിളി മറികടക്കാൻ എയർബസ് A350 കോമ്പോസിറ്റ് ജെറ്റ് വികസിപ്പിച്ചെടുത്തു. വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ രീതിക്കും 787 തുടക്കമിട്ടു. ഘടനയുടെയും ഘടകങ്ങളുടെയും ഭൂരിഭാഗവും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്തു. ഔട്ട്‌സോഴ്‌സിംഗിൽ അതിരുകടന്നതായി കമ്പനി പിന്നീട് സമ്മതിച്ചു.
100 കോടിയിലധികം യാത്രക്കാർ 14 വർഷത്തിനുള്ളിൽ ബോയിംഗ് 787 ഡ്രീംലൈനറിൽ യാത്ര ചെയ്തു. വ്യോമയാന ചരിത്രത്തിലെ മറ്റൊരു വൈഡ് ബോഡി വിമാനവും ഇത്ര വേഗത്തിൽ കൈവരിക്കാത്ത നാഴികക്കല്ലാണ് 787 ഡ്രീംലൈനർ കൈവരിച്ചത്.