
കോട്ടയം: കർഷകർ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ‘അഗ്രി നെക്സ്റ്റ്’ സ്റ്റാർട്ടപ്പ് പ്രശ്ന നിർണ്ണയ ശില്പശാല ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
കർഷകർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഒരു ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുവാനും, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളെക്കൊണ്ട് പരിഹാരം കാണുവാനുമായിരുന്നു ശില്പശാലയുടെ പ്രധാന ലക്ഷ്യം.
ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര (KERA) പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ശില്പശാലയിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നവീന ആശയങ്ങൾ വിശദീകരിച്ചു. കേര പദ്ധതിയിലെ അഗ്രി ടെക്ക് സ്റ്റാർട്ടപ്പ് വിഭാഗത്തിലുൾപ്പെടുത്തിയാണ് ശേഖരം തയ്യാറാക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശില്പശാലയിൽ പങ്കെടുത്ത കർഷകർ അവരവർ നേരിടുന്ന വന്യ ജീവി ആക്രമണം, കാർഷികോൽപ്പന്ന സംഭരണ പ്രശ്നങ്ങൾ, കാർഷിക വിളകളുടെ സംസ്കരണവും മൂല്യവർദ്ധനവും, വിപണന പ്രശ്നങ്ങൾ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ കൃഷി നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലാളി ക്ഷാമം, കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ, കീടരോഗ നിർണ്ണയം തുടങ്ങിയ പ്രധാന പ്രശ്നങ്ങളാണ് പ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്.




