ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിൽ: നൂറുകണക്കിന് കപ്പലുകള്‍ ഒമാൻ ഉള്‍ക്കടലിലും ലക്ഷ്യമില്ലാതെ നടുക്കടലിലും കാത്തുനില്‍ക്കുകയാണ്.

Spread the love

ഡല്‍ഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്.
കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ ‘വിൻഡ്വാർഡ്’, ‘കെപ്ലർ’ എന്നിവ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഈ ജലപാത നിലവില്‍ നിശ്ചലമാണ്. മാർച്ച്‌ 1ന് കേവലം മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഇതിലൂടെ കടന്നുപോയത്.

video
play-sharp-fill

2026ലെ പ്രതിദിന ശരാശരി 1.98 കോടി ബാരലായിരുന്ന സ്ഥാനത്ത് മാർച്ച്‌ ഒന്നിന് വെറും 28 ലക്ഷം ബാരല്‍ മാത്രമാണ് ഇതുവഴി നീങ്ങിയത്. മാർച്ച്‌ 2ന് ഇത് വീണ്ടും കുറഞ്ഞ് ഒരു ചെറിയ ടാങ്കറും ചരക്കുകപ്പലും മാത്രമായി ഒതുങ്ങി. നിലവില്‍ ഇറാൻ ഇതര രാജ്യങ്ങളുടെ 706 കപ്പലുകളാണ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 334 ക്രൂഡ് ഓയില്‍ കപ്പലുകളും 372 മറ്റ് കപ്പലുകളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കപ്പലുകള്‍ ഒമാൻ ഉള്‍ക്കടലിലും ലക്ഷ്യമില്ലാതെ നടുക്കടലിലും കാത്തുനില്‍ക്കുകയാണ്.

ഈ പ്രതിസന്ധി ആഗോള വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 10 ശതമാനം വർധിച്ച്‌ ബാരലിന് 80 ഡോളറിലെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറിക്കും ഖത്തറിലെ എല്‍എൻജി പ്ലാന്റിനും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് യൂറോപ്യൻ ഗ്യാസ് വിലയില്‍ 40 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോർമൂസ് കടലിടുക്കിലെ തടസം ഏതാനും ദിവസങ്ങള്‍ കൂടി തുടർന്നാല്‍ കപ്പലുകളുടെ നീണ്ട നിര വർദ്ധിക്കാനും എണ്ണ വിതരണം പൂർണമായും താളം തെറ്റാനും സാദ്ധ്യതയുണ്ട്. നിലവില്‍ ഗള്‍ഫ് മേഖലയിലെ കപ്പലുകളുടെ ഇൻഷുറൻസ് ചെലവും ചരക്ക് കൂലിയും കുത്തനെ ഉയരുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഇന്ധനവില വർദ്ധിക്കാൻ നേരിട്ട് കാരണമാകും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ഏഷ്യയിലെയും യൂറോപ്പിലെയും എണ്ണ ശുദ്ധീകരണശാലകള്‍ ബദല്‍ മാർഗങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ്. പടിഞ്ഞാറൻ ആഫ്രിക്ക, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ എത്തിക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലിനെ വളരെയധികം ആശ്രയിക്കുന്ന ചൈനയെയും ഇന്ത്യയെയും ഈ സാഹചര്യം നേരിട്ട് ബാധിക്കും. കേന്ദ്രസർക്കാർ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി ഇന്ത്യ പരിമിതപ്പെടുത്തിയേക്കും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. വിതരണ തടസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ എല്‍പിജി റേഷൻ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്.