‘ആ​ഗോള അയ്യപ്പ സം​ഗമം പിണറായിയുടെ കാപട്യം, അയ്യപ്പനെ വെച്ചല്ല രാഷ്ട്രീയം കളിക്കേണ്ടത്’: കെസി വേണു​ഗോപാൽ

Spread the love

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമം നടക്കാനിരിക്കേ, സർക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്ര‌‌‌ട്ട‌റി കെ സി വേണു​ഗോപാൽ. അയ്യപ്പ സംഗമം പിണറായി വിജയൻ്റെ കാപട്യമെന്ന് കെ സി വേണു​ഗോപാൽ രൂക്ഷഭാഷയിൽ വിമർശിച്ചു. വിശ്വാസികൾ ഒന്നും മറന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശബരിമലയോടും വിശ്വാസികളോടും എൽഡിഎഫ് സർക്കാർ കാണിച്ചത് കാട്ടു നീതിയാണ്.

എട്ടുവർഷത്തിനുശേഷം തെരഞ്ഞെടുപ്പിന് മുൻപ് അയ്യപ്പ സംഗമം നടത്തുന്നത് കാപട്യം അല്ലാതെ മറ്റെന്താണെന്നും വേണു​ഗോപാൽ ചോദിച്ചു. വിശ്വാസികൾക്കെതിരായി യുവതികളെ ശബരിമലയിലേക്ക് കടത്തി വിടാനാണ് സർക്കാർ ശ്രമിച്ചത്. വിശ്വാസികളുടെ വോട്ട് തട്ടാനുള്ള കബളിപ്പിക്കൽ തന്ത്രമാണിത്. വൈരുദ്ധ്യാത്മക ഭൗതികവാദം രാവിലെയും വൈകുന്നേരവും പറയുന്ന എംവി ഗോവിന്ദൻ സ്വാമിയേ ശരണമയ്യപ്പ എന്ന് വിളിക്കുന്നുവെന്നും കെ സി വേണു​ഗോപാൽ പരിഹാസരൂപേണ പറഞ്ഞു. എല്ലാ അയ്യപ്പന്റെ കഴിവ് എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

അയ്യപ്പനെ വച്ചിട്ടല്ല പിണറായി രാഷ്ട്രീയം കളിക്കേണ്ടത്. അത് അപകടമാണ്. വിശ്വാസികൾ പൂജിക്കേണ്ടത് ഫോട്ടോയിലുള്ള പിണറായി വിജയനെയും ദേവസ്വം മന്ത്രിയെയും ആണോയെന്നും കെസി ചോദിച്ചു. എകെ ആൻറണി കുറിക്കുകൊള്ളുന്ന മറുപടിയാണ് നൽകിയത്. സിപിഎം നടത്തുന്ന ആക്രമണങ്ങൾക്ക് ഒരവസരം കിട്ടിയപ്പോൾ എകെ ആൻറണി മറുപടി പറഞ്ഞു എന്നുമാത്രം. യുഡിഎഫിന് ഇരട്ടി ആത്മവിശ്വാസമുണ്ട്. സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അട്ടിമറി വിജയം കേരളത്തിൽ ഉണ്ടാകുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീശനെതിരായ സൈബർ ആക്രമണം അതിരുകടന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം പരാതി നൽകിയിട്ടില്ല. കോൺഗ്രസുകാർ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം ആണ് നടത്തേണ്ടത്. വയനാട്ടിലെ ആത്മഹത്യകൾ നിർഭാഗ്യകരം എന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ആവർത്തിക്കാതിരിക്കാൻ ഉള്ള എല്ലാ ശ്രമവും എടുക്കും. പാർട്ടി ആഭ്യന്തരമായി നിരീക്ഷിക്കുന്നുണ്ട്. കുഴപ്പം കാണിക്കുന്നവരെ അംഗീകരിച്ചു മുന്നോട്ടുപോകില്ലെന്നും വേണുഗോപാൽ പറഞ്ഞു.

രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പറഞ്ഞത് ആരോപണങ്ങളല്ല വസ്തുതകളാണ്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. വോട്ട് ചോരിക്ക് പൂർണമായും കൂട്ടുനിൽക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു. ഹൈഡ്രജൻ ബോംബിന്റെ പണിപ്പുരയിലാണ്. ഉടൻ വിവരങ്ങൾ പുറത്തുവിടും. വോട്ട് ചോരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നില്ല എന്നത് ദുരൂഹമാണെന്നും എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരും പ്രതികരിച്ചിട്ടും സംസാരിക്കാത്ത ഒരാൾ പിണറായി വിജയനാണെന്നും കെസി വേണുഗോപാൽ വിമര്‍ശിച്ചു.