അയ്യപ്പസംഗമം: ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ ഭക്തർക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും: വി എൻ വാസവൻ

Spread the love

ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ ഭക്തർക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും  ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വിഎൻ വാസവൻ. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ച്‌ പൊതുനയം രൂപവത്കരിക്കാൻ സംഗമവേദി മാറുമെന്ന് മന്ത്രി പറഞ്ഞു.

അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനത്തിനുള്ള സൗകര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാൻ ദേവസ്വം ബോർഡ് അവസരം ഒരുക്കുകയാണ്. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമാണ് ഒരു തീർഥാടനകേന്ദ്രത്തിന്റെ വികസനചർച്ചകളില്‍ ഭക്തർക്ക് നേരിട്ടു പങ്കാളികളാവാൻ അവസരം. പവിത്രത കാത്തുകൊണ്ട് സമ്പൂർണ്ണ ഹരിത തീർഥാടനകേന്ദ്രമാക്കി ശബരിമലയെ മാറ്റാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലെത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിക്ഷേപസാധ്യത കണ്ടത്തുക, വിവിധ രാജ്യങ്ങളിലെ അയ്യപ്പഭക്തരെ ഉള്‍പ്പെടുത്തി ഡേറ്റാബേസ് തയ്യാറാക്കുക, ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തർക്കും സുഗമദർശനം നടത്തി മടങ്ങാൻ നൂതന സംവിധാനങ്ങള്‍ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്ഫോമുണ്ടാക്കുക, ഹെല്‍പ്ഡെസ്കുകള്‍ ആരംഭിക്കുക, തീർഥാടന-ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമം നടക്കാനൊരുങ്ങുന്നത്.

കാല്‍ നൂറ്റാണ്ട് മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 2016-17 മുതല്‍ സംസ്ഥാന സർക്കാർ ശബരിമലയ്ക്ക് നല്‍കിയത് 220.78 കോടി രൂപയാണ്. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി, സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിനുപുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നടത്തിയ വികസന പ്രവർത്തനങ്ങള്‍. കൂടാതെ സന്നിധാനത്തിന്റെ വികസനത്തിനു മൂന്നുഘട്ടങ്ങളിലായി 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്ബയുടെ വികസനത്തിന് ആകെ 207.48 കോടി രൂപയുടേതും -മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group