
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മന്ത്രിമാരാണ് പങ്കെടുക്കുന്നത്. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് അയ്യപ്പസംഗമത്തിന് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.
ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
നാളെയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച.
ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ല. അയ്യപ്പ സംഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 5000 അധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുൻഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ എന്നിങ്ങനെയാണ് മുൻഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തൽ (ജർമൻ പന്തൽ) പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group