അഗസ്ത്യാർകൂടം ചരിത്രത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഗസ്ത്യാർകൂടം ചരിത്രത്തിലേക്ക്. ആദ്യമായാണ് അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നത്. ഇത്തവണ 4700 പേർ രജിസ്റ്റർ ചെയ്തതിൽ 100 പേർ സ്ത്രീകളാണ്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ധന്യ സനലാണ് ആദ്യ യാത്ര നടത്തുന്നത്. നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം സന്ദർശിക്കാൻ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകൾ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.
അതേസമയം അഗസ്ത്യാർകൂടത്തിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് പ്രദേശത്തെ ആദിവാസി കാണി വർഗക്കാർ രംഗത്ത് എത്തി. നൂറ്റാണ്ടുകളായി അവിടെ സ്ത്രീകൾ പ്രവേശിച്ചിട്ടില്ലെന്നും ഇത് ലംഘിച്ചാൽ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ആദിവാസി ഗോത്രമഹാ സഭ അറിയിച്ചുണ്ട്. അതേസമയം സ്ത്രീകൾ കയറിയാൽ വിലക്കുമെന്ന് ആദിവാസി ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കിയിരുന്നു. ബോണക്കാട് നിന്ന് 20 കിലോമീറ്ററാണ് അഗസ്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന് ബോണക്കാടുനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയിൽ അവസാനിക്കും. സ്ത്രീകൾക്ക് അതിരുമലയിൽ വനംവകുപ്പ് പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാം ദിവസം 7 കി.മി സഞ്ചരിച്ചാൽ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്താം. മാർച്ച് 1 വരെ 47 ദിവസമാണ് അഗസ്ത്യാർകൂട സന്ദർശനത്തിന് അവസരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group