വീണ്ടും കസ്റ്റഡി മരണം ; കഞ്ചാവ് കേസിലെ പ്രതിയുടെ മരണം തലയ്ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; പോലീസിന് പിന്നാലെ എക്‌സൈസും തല്ലികൊല്ലുന്നു

വീണ്ടും കസ്റ്റഡി മരണം ; കഞ്ചാവ് കേസിലെ പ്രതിയുടെ മരണം തലയ്ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; പോലീസിന് പിന്നാലെ എക്‌സൈസും തല്ലികൊല്ലുന്നു

സ്വന്തം ലേഖിക

ഗുരുവായൂർ:ഗുരുവായൂരിൽ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി എക്‌സൈസ് കസ്റ്റഡിയിൽ വച്ച് മരിച്ചത് തലയ്ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മലപ്പുറം തിരൂർ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തിൽ വാസുദേവന്റെ മകൻ രഞ്ജിത്ത് കുമാറാണ് (35)കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.

തലയുടെ പിൻഭാഗത്ത് ക്ഷതമേറ്റതിനെ തുടർന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. മുതുകിൽ ഇടിയേറ്റതിന്റെ പാടുകളും ദേഹമാസകലം 12 മുറിവുകളും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റുമോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചതിനുശേഷം ഇക്കാര്യത്തിൽ അന്വേഷണംനടത്തുമെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജു ഭാസ്‌കർ പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ചതിന് ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് രഞ്ജിത്തിനെ എക്‌സൈസിന്റെ തൃശ്ശൂർ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ ഇയാൾക്ക് അപസ്മാരത്തിന്റെ ലക്ഷണം കണ്ടെന്നും വായിൽനിന്ന് നുരയും പതയും വന്നെന്നുമായിരുന്നു എക്‌സൈസുകാർ പോലീസിൽ നൽകിയ മൊഴി. പ്രതി നന്നേ അവശനായപ്പോൾ അടിയന്തരചികിത്സ കിട്ടാൻ ഏറ്റവും അടുത്തുള്ള പാവറട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. പക്ഷേ, അതിനു മുൻപേ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് പാവറട്ടി പോലീസാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വ്യാഴാഴ്ചയാണ് പോസ്റ്റുമോർട്ടം നടന്നത്. സംഭവദിവസം രാത്രി രഞ്ജിത്ത്കുമാറിന്റെ ബന്ധുക്കൾ പാവറട്ടി സ്റ്റേഷനിലെത്തിയിരുന്നു. വീട്ടുകാരുമായി അടുപ്പത്തിലല്ല രഞ്ജിത്ത് കുമാറെന്ന് പോലീസ് പറഞ്ഞു. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയായിട്ടുണ്ട്.

മൃതദേഹം സഹോദരനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽനിന്ന് ഏറ്റുവാങ്ങിയത്. വൈകീട്ട് ചെറുതുരുത്തിയിൽ സംസ്‌കരിച്ചു.