
“ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പൊലീസ്; ഒരു ആണിനെ പോലും ഇങ്ങനെ ആരും ഉപദ്രവിക്കില്ല; നേതൃത്വം നല്‍കിയത് ഡിവൈഎസ്‌പി “; പീഡനം സഹിക്കവയ്യാതെ കുറ്റം സമ്മതിച്ചതാണെന്ന് അഫ്‌സാന
സ്വന്തം ലേഖിക
പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിലെ പ്രതിയായിരുന്ന അഫ്‌സാന.
തന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്‌സാന പറഞ്ഞു.
പൊലീസ് ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭര്‍ത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല ഞാൻ. എനിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല. ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പൊലീസാണ്. കുഴി ഞാനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും ഞാൻ കാണിച്ച് കൊടുത്തിട്ടില്ല. പൊലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്‌തത്.
എനിക്ക് ഇങ്ങനെയൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. ഏറ്റവും തലപ്പത്തിരിക്കുന്ന ഡിവൈഎസ്‌പിയാണ് എന്നെ മര്‍ദിച്ചത്, പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും. മറ്റുള്ളവരുടെ പേരറിയില്ല, കണ്ടാലറിയാം.
യൂണിഫോം ഇട്ടവരും ഇടാത്തവരും എന്നെ മര്‍ദിച്ചു. കൈ ചുരുട്ടിയാണ് അവര്‍ അടിച്ചത്. ഒരു ആണിനെ പോലും ഇങ്ങനെ ഉപദ്രവിക്കില്ല. എനിക്ക് എന്റെ കുടുംബമാണ് വലുത്. അവരെ പ്രതികളാക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി.’
‘ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളായിരുന്നു. പൊലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാൻ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞാൻ സമ്മതിച്ചു.
കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് റൂമില്‍ വച്ചാണ് മര്‍ദിച്ചത്. ഞാൻ ജയിലില്‍ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാല്‍ അവിടെ ധാരാളം ക്യാമറകളുണ്ടായിരുന്നു.’- അഫ്സാന പറഞ്ഞു.