
തൃശ്ശൂർ: തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി.
ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന പ്രവർത്തനം ആരംഭിച്ചു. രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.