മണ്ണുത്തി സർവകലാശാല ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു!

Spread the love

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. അതീവ ജൈവസുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ഇതുവരെയും രോഗസാന്നിധ്യം ഉണ്ടായിരുന്നില്ല. എല്ലാ ജൈവസുരക്ഷാ നടപടികളും അതിജീവിച്ചാണ് ഫാമിലെ ഏകദേശം 30 പന്നികൾക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

video
play-sharp-fill

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 മുതൽ വിവിധ സമയങ്ങളിലായി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടിരുന്നു. 2022 ജൂലായ് മാസത്തിൽ വയനാട്ടിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഒറ്റപ്പെട്ട സംഭവമായാണ് തുടക്കത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കലും ചുരുങ്ങിയ മാസങ്ങൾ കൊണ്ട് മറ്റ് ജില്ലകളിലേക്കും രോഗവ്യാപനമുണ്ടായി. രോഗബാധ കാരണം ഇതുവരെ ചത്തൊടുങ്ങിയതും രോഗനിയന്ത്രണത്തിനായി ശാസ്ത്രീയമായി കൊന്നൊടുക്കിയതുമായ പന്നികൾ ആയിരക്കണക്കിനാണ്. പന്നികൃഷി ഏറെയുള്ള കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ചിലയിടങ്ങളിൽ ഒരിടവേളക്കുശേഷം വീണ്ടും വളർത്തുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. രോഗവാഹകരും രോഗബാധിതവുമായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യത്തിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. വൈറസ് ബാധയേറ്റ് മൂന്നാഴ്ചക്കകം പന്നികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗവ്യാപനം തടയുന്നതിനായി രോഗബാധിത ഫാമിലെയും ഫാമിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലെ എല്ലാ പന്നികളെയും നശിപ്പിക്കേണ്ടി വരും. ശേഷം അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും. അണുനശീകരണം നടത്തി മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇതുവരെ പ്രചാരത്തിലില്ല. രോഗം മറച്ചുവെക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കും.