കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി;കോട്ടയത്ത് മുൻകരുതലുമായി അധികൃതർ; മാംസ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി

Spread the love

കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ.

ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നല്‍കി.

രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വില്‍ക്കുന്ന കടകളുടെ പ്രവർത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവെക്കണമെന്നും ഉത്തരവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധിത മേഖലയില്‍ നിന്ന് പന്നിമാംസം , പന്നികള്‍, തീറ്റ എന്നിവ ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകുന്നതും ഇവിടേക്കു കൊണ്ടുവരുന്നതും താല്‍ക്കാലികമായി നിരോധിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങള്‍.
കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്തുകള്‍, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍

രോഗം സ്ഥിരീകരിച്ച ഫാമിലും അതിനോട് ചേർന്ന ഒരു കിലോമീറ്റർ പരിധിയിലുള്ള എല്ലാ പന്നികളെയും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും.

പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസർ എന്നിവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച്‌ ഉടൻ പ്രവർത്തനം ആരംഭിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നല്‍കി.

അതേസമയം, ആഫ്രിക്കൻ പന്നിപ്പനി പന്നികളില്‍ മാത്രം കാണപ്പെടുന്ന വൈറസ് രോഗമാണ്. ഇത് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു