
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ തെറ്റിച്ച് ലാൻഡ് ചെയ്ത് അഫ്ഗാൻ വിമാനം. അരിയാന അഫ്ഗാൻ വിമാനം എഫ്.ജി 311 ആണ് തെറ്റായി റൺവേയിൽ ലാൻഡ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കാബൂളിൽ നിന്നുള്ള അഫ്ഗാനിസ്താൻ അരിയാന വിമാനം, ടേക്ക് ഓഫ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റൺവേയിലാണ് അബദ്ധത്തിൽ ലാൻഡ് ചെയ്തത്. ആ സമയം റൺവേയിൽ പറന്നുയരാൻ വിമാനം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഈ ഗുരുതര വീഴ്ച സംബന്ധിച്ച് അഫ്ഗാനിസ്താനിലെ ബന്ധപ്പെട്ട അധികൃതർക്ക് കത്തെഴുതുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഈ വിമാനത്തിന് ഇടതുവശത്തെ റൺവേ 29 (29L) യിലാണ് ലാൻഡിങിന് അനുമതി നൽകിയിരുന്നത്. എന്നാൽ പൈലറ്റ് വിമാനം ഇറക്കിയത് വലതുവശത്തെ റൺവേ 29 (29R)ൽ ആയിരുന്നു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 29ആർ റൺവേ ടേക്ക് ഓഫിനായും 29എൽ റൺവേ ലാൻഡിങിനായും ആണ് ഉപയോഗിക്കുന്നത്. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


