പ്രധാന അധ്യാപിക ബർത്ത്ഡേ ആഘോഷിച്ചത് സ്വന്തമായി ചെലവിട്ട് സ്വയം ചിക്കൻ ബിരിയാണിയുണ്ടാക്കി വിദ്യാർത്ഥികൾക്ക് കൊടുത്ത്: കൊല്ലം പട്ടത്താനം ബാലികാമറിയം എല്‍പി സ്കൂളിലാണ് അപൂർവ സംഭവം.

Spread the love

കൊല്ലം: പട്ടത്താനം ബാലികാമറിയം എല്‍പി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കുശാലാണ്. തിങ്കളാഴ്ച അവർക്ക് ബിരിയാണിയായിരുന്നു.
ഒപ്പം ഈന്തപ്പഴംകൊണ്ടുള്ള കറിയും സാലഡും… ഇത് പാചകം ചെയ്തത് മറ്റാരുമല്ല; പ്രധാനാധ്യാപിക എലിസബത്ത് ലിസിയാണ്. സഹായത്തിന് മാതൃ പിടിഎ പ്രസിഡന്റ് ആൻസി മുനീറിന്റെ നേതൃത്വത്തില്‍ പിടിഎ അംഗങ്ങളും അധ്യാപികമാരും.

ഉച്ചഭക്ഷണത്തിന്റെ പുതുക്കിയ മെനു അനുസരിച്ചുള്ള ആദ്യഭക്ഷണമായിരുന്നു തിങ്കളാഴ്ച. ടീച്ചറുടെ പിറന്നാള്‍ പ്രമാണിച്ച്‌ സ്വന്തംചെലവില്‍, സ്വയം തയ്യാറാക്കി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലുള്ള 636 കുട്ടികള്‍ക്ക് 68 കിലോ ചിക്കൻകൊണ്ട് ബിരിയാണി. ഒപ്പം പിറന്നാള്‍ പ്രമാണിച്ച്‌ എല്ലാ കുട്ടികള്‍ക്കും പായസവും. ആകെ 1000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

‘ഈ ടീച്ചർ പൊളിയാണ്. ഞങ്ങള്‍ക്കെന്നും നല്ല ഫുഡ് തരുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയാണ്’… കുട്ടികള്‍ ഒന്നടങ്കം പറയുമ്പോള്‍ ടീച്ചർ ആ രഹസ്യം വ്യക്തമാക്കുന്നു. ’10 കൊല്ലം ഇറ്റലിയില്‍ ഉണ്ടായിരുന്നു ഞാൻ. അന്ന് കോണ്‍ടിനെന്റല്‍ ഷെഫ് കോഴ്സ് പാസായതാണ്. പാചകം എനിക്കൊരു പാഷനാണ്. കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക, വൃത്തിയായി കൊടുക്കുക എന്നതാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മെനു വരുന്നതിനുമുൻപുതന്നെ ഇവിടത്തെ മാതൃ പിടിഎയുമായി സഹകരിച്ച്‌ പലതരം വ്യത്യസ്ത ഉച്ചഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. കുട്ടികള്‍ പച്ചക്കറി കഴിക്കുന്ന കാര്യത്തില്‍ വിമുഖരാണെന്നതു മനസ്സിലാക്കി, ചോറിനൊപ്പം മിക്സ് ചെയ്ത് അവിയല്‍ രുചികരമായി കൊടുത്ത പൊടിക്കൈ ഉള്‍പ്പെടെ ഇവിടെ നേരത്തേ പ്രയോഗിച്ചിട്ടുണ്ട്. ബിരിയാണി പോലുള്ളവയിലും പച്ചക്കറി കഴിയുന്നത്ര ഉള്‍പ്പെടുത്തും.

സ്കൂളില്‍ അഞ്ചുവർഷമായി ആരും മിഠായി കൊണ്ടുവരാറില്ല. പിറന്നാളിന് പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കാം, ഇലയടപോലെ ഹാനികരമല്ലാത്ത പലഹാരങ്ങള്‍ കൊടുക്കാം. ജങ്ക് ഫുഡുകള്‍ ഒന്നും അനുവദിക്കാറില്ല. ഇതും ഇവിടത്തെ ആഹാരനയത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസവകുപ്പ് ടീച്ചറുടെ ഈ അനുകരണീയ നയത്തെ മുൻപ് ആദരിച്ചിട്ടുമുണ്ട്.