പത്രക്കാരും വക്കീലന്മാരും തമ്മിലടിച്ചപ്പോൾ സർക്കാരിന് ചിലവായത് 1.84 കോടി രൂപ: തമ്മിൽതല്ല് അന്വേഷിക്കാൻ മുടിപ്പിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണം; കോട്ടിട്ടവരുടെ ഈഗോ തീർക്കാനുള്ളതോ സാധാരണക്കാരന്റെ പണം

പത്രക്കാരും വക്കീലന്മാരും തമ്മിലടിച്ചപ്പോൾ സർക്കാരിന് ചിലവായത് 1.84 കോടി രൂപ: തമ്മിൽതല്ല് അന്വേഷിക്കാൻ മുടിപ്പിക്കുന്നത് സാധാരണക്കാരന്റെ നികുതിപ്പണം; കോട്ടിട്ടവരുടെ ഈഗോ തീർക്കാനുള്ളതോ സാധാരണക്കാരന്റെ പണം

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കൊച്ചിയിൽ ഹൈക്കോടതിയ്ക്ക് മുന്നിൽ പത്രക്കാരും വക്കീലന്മാരും തമ്മിലടിച്ച വകയിൽ സർക്കാരിന് ചിലവ് 1.84 കോടി രൂപ. രണ്ട വർഷം കൊണ്ട് ഒരു കോടി എൺപത്തിനാല് ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപയാണ് ഈ കമ്മിഷനു വേണ്ടി സർക്കാർ ചിലവഴിച്ചിരിക്കുന്നത്. നിയമസഭയിൽ കെ.സി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ചു ഉത്തരം നൽകിയത്. രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടപ്പെട്ടവരായ രണ്ടു കൂട്ടരെയും പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടര വർഷം മുൻപ് പിണറായി വിജയൻ സർക്കാർ കമ്മിഷനെ നിയമിച്ചത്. അഞ്ചു തവണ അധികാരം അന്വേഷണത്തിനായി നീട്ടിവാങ്ങിയ കമ്മിഷനെ പരിപോഷിപ്പിക്കുന്നതിനാണ് സർക്കാരിന് ഇത്രയും തുക ചിലവായത്.
2016 ലായിരുന്നു സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടയടിയിലും, സംസ്ഥാനത്തെ വിവിധ കോടതികൾക്കു മുന്നിലുള്ള ഏറ്റുമുട്ടിലിലും കലാശിച്ചത്. മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരാതി പരിഗണിച്ച സംസ്ഥാന സർക്കാർ സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനായി ജുഡീഷ്യൽ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. ജസ്റ്റിസ് മുഹമ്മദ് അദ്ധ്യക്ഷനായാണ് അന്വേഷണ കമ്മിഷൻ രൂപീകരിച്ചത്. മറ്റ് എല്ലാ കമ്മിഷനുകളുടെയും വിധി തന്നെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് കമ്മിഷനെയും കാത്തിരുന്നത്.
അഞ്ചു തവണയായി മുപ്പത് മാസമാണ് കമ്മിഷന് കാലാവധി നീട്ടി നൽകിയത് ആദ്യം ആറു മാസത്തേയ്ക്കും പിന്നീട് 30 മാസം വരെയായി കാലാവധി നീട്ടി. നംവബർ 13 ന് കമ്മിഷന്റെ കാലാവധി അവസാനിക്കും. എന്നാൽ, അന്വേഷണം ഏതുഘട്ടത്തിലായി എന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ വിവരം നൽകാൻ കമ്മിഷന് സാധിച്ചിട്ടുമില്ല. പഴയ ശത്രൂതയെല്ലാം മറന്ന് മാധ്യമപ്രവർത്തകരും വക്കീലന്മാരും ഒന്നായെങ്കിലും അന്വേഷണം ഇതുവരെയും പൂർത്തിയാക്കാൻ കമ്മിഷന് കഴിഞ്ഞിട്ടില്ല.