
സ്വന്തം ലേഖകൻ
പാലാ: നഗരത്തിലും പരിസരപ്രദേശങ്ങളിലും പരസ്യ മദ്യപാനികളുടെ വിളയാട്ടം രൂക്ഷം. ഇത് സ്ഥിരം കാഴ്ച്ചയായതോടെ ഓപ്പറേഷൻ ഡ്രിങ്ക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പൊലീസ് രംഗത്ത്. കഴിഞ്ഞ ഒരു ദിവസംകൊണ്ട് പാലാ സി.ഐ. കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഡ്രിങ്ക്‌സ് സ്‌ക്വാഡ് 21 പേരെ പിടികൂടി. മദ്യ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഇടമറ്റമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളില്‍ പൊലീസ് തുടര്‍ച്ചയായി പട്രോളിംഗ് നടത്തിവരികയാണ്.
ഇടമറ്റത്ത് കോട്ടേമാപ്പിലക റോഡിലും പാലാ നഗരത്തിലും മദ്യപാനികളും മയക്കുമരുന്ന് ഇടപാടുകാരും മറ്റ് സാമൂഹ്യവിരുദ്ധരും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ”കേരള കൗമുദി” റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പാലാ ഡി.വൈ.എസ്.പി. എ.ജെ. തോമസിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ. കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ ഓപ്പറേഷൻ ഡ്രിങ്ക്‌സ് എന്ന പേരില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് നടപടികള്‍ ശക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് നടപടിയില്‍ മദ്യപിച്ച് ബഹളം വെച്ച 4 പേര്‍, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 2 പേര്‍ എന്നിവര്‍ പിടിയിലായി. പാലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയോട് ചേര്‍ന്നുള്ള ബാത്ത് റൂമില്‍ ഹാൻസ് വില്പന നടത്തിയ ആളെയും പൊലീസ് പൊക്കി. ടൗണില്‍ മദ്യപിച്ച് അടിപിടികൂടിയ ആറംഗ സംഘവും ഓപ്പറേഷൻ ഡ്രിങ്ക്‌സിന്റെ ഭാഗമായി പിടിയിലായി. ഇതിലൊരാള്‍ കൂത്താട്ടുകുളത്തെ ബൈക്ക് മോഷണക്കേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെ ഇയാളെ കൂത്താട്ടുകുളം പൊലീസിന് കൈമാറി.
അതേസമയം മദ്യ ലഹരി മാഫിയകളുടെ പ്രവര്‍ത്തനം സജീവമായ ഇടമറ്റത്ത് പൊൻമല കോട്ടേമാപ്പിലക റോഡ്, ഇടമറ്റം ജംഗ്ഷൻ, മുകളേല്‍പീടിക, പൈക, വിളക്കുമാടം, ചെമ്ബകശ്ശേരിപടി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി പൊലീസ് പെട്രോളിംഗ് നടത്തി. പൊൻമല കോട്ടേമാപ്പിലക റോഡില്‍ ഉള്‍പ്പെടെ സി.ഐ.യുടെ നേതൃത്വത്തില്‍ മഫ്തിയിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
ഈ റോഡില്‍ രാത്രിയായാല്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തി മദ്യപാനവും ലഹരി കൈമാറ്റവും പതിവായിരുന്നു. വീതി കുറവായ ഈ റോഡില്‍ ലഹരി സംഘം വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഇതുവഴി വരുന്ന നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് കടന്നുപോകുക സാധ്യമല്ലായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കാൻ ഇവര്‍ തയ്യാറുമല്ല.
കഴിഞ്ഞദിവസം രാത്രി 8 മണിക്ക് കുടുംബസമേതം കാറില്‍ ഇതുവഴി വന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ വാഹനം രാത്രിയില്‍ പുറകോട്ട് എടുത്തു തിരിച്ചു പോകേണ്ടി വന്നിരുന്നു. ഇപ്രകാരം ഈ സംഘത്തെ ഭയന്ന് സ്വന്തം വീടിനു മുൻവശത്ത് കൂടിയുള്ള റോഡിലൂടെ പോലും നാട്ടുകാര്‍ രാത്രിയില്‍ യാത്ര ചെയ്യല്‍ ഒഴിവാക്കുകയായിരുന്നു.
റോഡില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്. വൈകുന്നേരം ഈ വഴി ഒറ്റയ്ക്ക് ബസിറങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ബൈക്കില്‍ എത്തിയ സംഘം ശല്യം ചെയ്യുന്നതുവരെ എത്തിയിരുന്നു ലഹരി സംഘത്തിന്റെ ഉപദ്രവം.
അതേസമയം മദ്യലഹരി മാഫിയ സംഘം എന്ന് സംശയിക്കുന്നവരെയോ പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയോ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരം നല്‍കുന്നതിന് ഹെല്‍പ്പ് ലൈൻ നമ്ബരും ഓപ്പറേഷൻ ഡ്രിങ്ക്‌സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാലാ പൊലീസ്. ഇത്തരം സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987080 എന്ന നമ്ബറില്‍ വിവരം കൈമാറണമെന്ന് പാലാ സി.ഐ കെ.പി ടോംസണ്‍ അറിയിച്ചു.