
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണക്കാലമായതോടെ നാട്ടിലെ ക്ലബ്ബുകളിലും ആഘോഷത്തിന്റെ സമയമാണ്. പല കലാ – സാംസ്കാരിക സമിതികളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇവിടെയെല്ലാം തന്നെ നിരവധി മത്സരങ്ങളാണ് സമിതികള്‍ സംഘടിപ്പിക്കുന്നത്. സ്വര്‍ണവും പണവും എന്തിനു മദ്യക്കുപ്പി വരെയാണ് വിജയികളെ കാത്തിരിക്കുന്ന സമ്മാനം.
ഓഗസ്റ്റ് 6ന് ആരംഭിച്ച ഓണക്കാലത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള എക്സൈസിന്റെ സ്പെഷല്‍ ഡ്രൈവ് സെപ്റ്റംബര്‍ 5ന് അവസാനിക്കും. ചില ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ ഓണത്തിനോടനുബന്ധിച്ച് മദ്യ ഉപയോഗം വര്‍ധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നല്‍കി മദ്യവില്‍പ്പന നടത്തുന്നത് പരിശോധിക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേല്‍വിലാസമോ ഫോണ്‍ നമ്ബറോ ഇല്ലാത്തതിനാല്‍ പരിശോധനയ്ക്ക് എക്സൈസിനു പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് എക്സൈസ് പറയുന്നു. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്കും മദ്യം സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികള്‍ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എക്സൈസിന്റെ മുന്നയിപ്പ്.
മദ്യം സമ്മാനമായി നല്‍കുമെന്ന് കാട്ടി കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകളും ചിലര്‍ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ നോട്ടിസുകള്‍ കണ്ട് അനുകരിക്കരുതെന്നും എക്സൈസ് പറയുന്നു.