
വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി; പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും വകുപ്പുകള്‍ അറിഞ്ഞതോടെ മുങ്ങി; ഒളിവില്‍ പോകാന്‍ സഹായിച്ചത് അഭിഭാഷക സുഹൃത്തുക്കള്‍; ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി പറഞ്ഞ കേസുകള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക്; വ്യാജ അഭിഭാഷക സെസിയുടെ നീക്കങ്ങള്‍ അത്യന്തം നാടകീയം
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന് കണ്ടതോടെ വീണ്ടും മുങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവിയര്‍ ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്.
ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത് എന്നറിഞ്ഞതോടെയാണ് മുങ്ങിയത്. സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് എന്ന് പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമാണ്. നിയമബിരുദമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്ബര്‍ ഉപയോഗിച്ചാണ് രണ്ടര വര്‍ഷം വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തത്. ഫോണ്‍ നമ്ബര്‍ സ്വിച്ചോഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു.
അഭിഭാഷക കമ്മീഷനായി വരെ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി പറഞ്ഞ കേസുകള്‍ നിയമപ്രശ്ങ്ങള്‍ ക്ഷണിച്ചു വരുത്തിയേക്കും. രണ്ടര വര്‍ഷമായി കോടതിയെയും ബാര്‍ അസോസിയേഷനെയും സെസി വഞ്ചിക്കുകയായിരുന്നു. ഇവര്‍ക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതന്റെ കത്ത് കിട്ടിയപ്പോഴാണ് സെസിയെക്കുറിച്ച് ബാര്‍ അസോസിയേഷന്‍ അന്വേഷിച്ചത്. കൂടുതല്‍ വ്യാജ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തില്‍ സമഗ്ര പരിശോധന നടത്താനും കേരള ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.
ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നല്‍കിയതിന്റെ പേരില്‍ ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകള്‍ തമ്മില്‍ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്.