വീരശ്രീ വെള്ളാപ്പള്ളി കള്ളുകച്ചവടക്കാരനല്ല, നവോത്ഥാന നായകൻ: അഡ്വ. ജയശങ്കർ
സ്വന്തം ലേഖകൻ
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും പുതുവത്സരദിനത്തിൽ വനിതാ മതിൽ തീർക്കാനുള്ള സർക്കാർ തീരുമാനത്തേയും പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വീരശ്രീ വെളളാപ്പളളി നടേശൻ സംഘാടന കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലൻസ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാർട്ടി പത്രമോ ചാനലോ വിദ്യാർത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരൻ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകൻ എന്ന് അഭിസംബോധന ചെയ്യുമെന്നും ജയശങ്കർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ നവവത്സര ദിനത്തിൽ വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഡിസംബർ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതൽ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികൾ വിട്ടുനിന്നു. പങ്കെടുത്തവരിൽ ചിലർ എതിരഭിപ്രായം രേഖപ്പെടുത്തി. എങ്കിലും വനിതാ മതിൽ എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. വീരശ്രീ വെളളാപ്പളളി നടേശൻ സംഘാടന കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലൻസ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാർട്ടി പത്രമോ ചാനലോ വിദ്യാർത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരൻ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകൻ എന്ന് അഭിസംബോധന ചെയ്യും. വനിതാ മതിലിന്റെ മുഴുവൻ ചിലവും ഖജനാവിൽ നിന്നാണ്. പ്രളയാനന്തര നവനിർമാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാം. നവോത്ഥാനം ഹൈന്ദവരിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്. സാംസ്‌കാരിക നായികമാരും മടിച്ചു നില്ക്കരുത്. ബെർലിൻ മതിലിനു ശേഷം, നമ്മുടെ വനിതാ മതിൽ.