
കലാപത്തെ തുടർന്ന് തകർക്കപ്പെട്ട മുഴുവൻ ആരാധനാലയങ്ങളും ഉടൻ പുനർ നിർമ്മിക്കണം, സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നും അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: കലാപത്തെ തുടർന്ന് തകർക്കപ്പെട്ട മുഴുവൻ ആരാധനാലയങ്ങളും ഉടൻ പുനർ നിർമ്മിക്കണമെന്ന് അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. ലോക്സഭയിൽ മണിപ്പൂർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ സുരക്ഷ, ദുരിതാശ്വാസം, പുനരധിവാസം എന്നിവകൾക്കും പ്രത്യേക പ്രാധാന്യം കൊടുക്കണം.
എന്നാൽ, 35,104 കോടി രൂപയുടെ ബജറ്റിൽ വെറും 157 കോടി രൂപ മാത്രമേ പുനരധിവാസത്തിന് വകയിരുത്തിയിട്ടുള്ളു എന്ന് അദ്ദേഹം ആരോപിച്ചു. മണിപ്പൂരിൽ ദേവാലായങ്ങൾ, ക്ഷേത്രങ്ങൾ, മോസ്കുകൾ എന്നിങ്ങനെ 386 ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. ഇത് വിശ്വാസികളുടെ ഉള്ളിൽ ആഴത്തിലുള്ള മുറിവുകൾ ആണ് ഉണ്ടാക്കിയിട്ടുളളത്. ബജറ്റിൽ ആരാധനാലയങ്ങളുടെ പുനർ നിർമ്മാണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട ക്രൈസ്തവ ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ പ്രത്യേക നടപടി ഉണ്ടാകണം. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അവർക്ക് സ്വന്തമായി സുരക്ഷിതമായ വാസസ്ഥലം ഒരുക്കി കൊടുക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ കൃത്യമായ പരിശോധനയും വിലയിരുത്തലും നടത്തി അഴിമതി ഇല്ലാതെ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കി മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനകീയ സർക്കാർ അധികാരത്തിൽ വരുവാൻ സാഹചര്യം ഒരുക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ലഹളയെ തുടർന്ന് പ്രയാസമനുഭവിക്കുന്ന മണിപ്പൂർ ജനതയെ ആശ്വസിപ്പിക്കാൻ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാട് പ്രതിക്ഷേധാർഹമാണ്.
സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞിരുന്ന മണിപ്പൂർ ജനതയെ മതപരമായി വേർതിരിക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളാണ് മണിപ്പൂരിലെ പ്രതിസന്ധിക്ക് കാരണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.