
ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ അടുത്തതാരെന്ന ഊഹാപോഹം പൊടിപൊടിക്കുകയാണ്. അക്കൂട്ടത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിന്റെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്.
നിലവിൽ കോൺഗ്രസുമായി വലിയ സ്വരച്ചേർച്ചയിലല്ലാത്ത തരൂര് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. തരൂരിന് പുറമേ കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, ഗോവ മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരും പരിഗണനയിലുണ്ടെന്നാണ് സൂചന.
തീര്ത്തും അപ്രതീക്ഷിതമായിരുന്നു ധൻകരുടെ രാജി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിലും സാക്ഷിയാകാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും ധൻകർ പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർക്ക് രാജിക്കത്തിൽ അദ്ദേഹം നന്ദി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധൻഖറിന് രണ്ട് വർഷം ഇനിയും ബാക്കിയുണ്ട്. ഇന്നലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജിപ്രഖ്യാപനം. രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചാൽ രാജ്യസഭാ ഉപാധ്യക്ഷന് ഹരിവൻഷ് നാരായണിന്റെ അധ്യക്ഷതയിൽ രാജ്യസഭ വർഷകാല സമ്മേളനം പുർത്തിയാക്കുമെന്നാണ് സൂചന. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
1951 മെയ് 18ന് രാജസ്ഥാനിലെ കിതാന ഗ്രാമത്തില് ജനിച്ച ധൻകർ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1979 ൽ എൽ.എൽ.ബി പാസായി. തുടർന്ന് അഭിഭാഷകനായി. ഹൈക്കോടതി അഭിഭാഷകനായ ധൻകര് സുപ്രിം കോടതിയിലും നിരവധി കേസുകളിൽ ഹാജരായി. 2019 ജൂലൈ 30ന് പശ്ചിമ ബംഗാൾ ഗവർണറായി. അതോടെ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറും തമ്മിലെ ശീതസമരത്തിനു തുടക്കമായി. 2022 ൽ ആണ് ഉപരാഷ്ട്രപതിയായി നിയമിതനായത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ജനതാദളിലും കോൺഗ്രസിലും പ്രവർത്തിച്ച ധൻകർ 2003 ൽ ആണ് ബി.ജെ.പിയിൽ ചേർന്നത്.
എം.എൽ.എയായും എം.പിയായും പ്രവർത്തിച്ച് അനുഭവസമ്ബത്തു നേടിയ അദ്ദേഹം 1990 ൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ പാർലമെന്ററികാര്യ സഹമന്ത്രിയുമായി. ഉപരാഷ്ട്രപതിയായ ശേഷം സുപ്രിം കോടതിയുടെ വിവിധ ഉത്തരവുകൾക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. ജഡ്ജിമാരെ നിയമിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാനുള്ള മോദി സർക്കാറിന്റെ ശ്രമത്തിനെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോൾ ധൻകർ വിമർശനമുയർത്തി.
നിയമസഭ പാസാക്കിയ ബില്ലുകൾ വച്ചുതാമസിപ്പിച്ച തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോഴും ധൻകർ എതിര് ശബ്ദമുയർത്തി. പാർലമെന്റിനു മേൽ സുപ്രിം കോടതിക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ആറിന് അദ്ദേഹം കേരളത്തിലെത്തിയിരുന്നു. സുതേഷ് ധന്കറാണ് ഭാര്യ. മകൾ: കാംന.