
നടൻ ശിവാജി ഗണേശന്റെ വീടിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ ഉത്തരവ് ; കൊച്ചുമകനെതിരായ പണമിടപാട് കേസിൽ മദ്രാസ് ഹൈക്കോടതിയുടെതാണ് നടപടി
ചെന്നൈ : പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടൻ ശിവാജി ഗണേശന്റെ വീടായ അണ്ണൈ ഇല്ലത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശിവാജിയുടെ കൊച്ചുമകൻ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതികളായ കേസിലാണ് നടപടി. ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മകനുമായ രാംകുമാറിനു കുടുംബ ഓഹരി എന്ന നിലയിൽ ലഭിച്ച ടി നഗറിലുള്ള വീടിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
സിനിമാ നിർമാണത്തിനായി വായ്പയെടുത്ത 3.75 കോടി രൂപ തിരികെ നൽകാത്തതിനെ തുടർന്നു ധനഭാഗ്യം എന്റർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനമാണ് ദുഷ്യന്തിനെതിരെ കോടതിയെ സമീപിച്ചത്. ജഗജില് കിലാഡി എന്ന സിനിമയുടെ നിർമാണത്തിനായാണ് ധനഭാഗ്യം എന്റർപ്രൈസസിൽ നിന്നു ദുഷ്യന്ത് 30 ശതമാനം വാർഷിക പലിശയ്ക്ക് പണം കടം വാങ്ങിയത്. ഇതിനുള്ള കരാറിൽ രാംകുമാറും ഒപ്പിട്ടിരുന്നു.
മുതലും പലിശയും പൂർണമായി നൽകാതെ വന്നതോടെ ധനഭാഗ്യം എന്റർപ്രൈസസ് ഉടമയായ അക്ഷയ് സരിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു കേസ് ഒത്തുതീർപ്പാക്കാൻ കോടതി ആർബിട്രേറ്ററെ നിയമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു കക്ഷികളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ മുതലും പലിശയുമായി 2023 ജൂലൈ 31 വരെയുള്ള 9.02 കോടി രൂപ ദുഷ്യന്ത് നൽകണമെന്നു ആർബിട്രേറ്റർ ഉത്തരവിട്ടു. പണം നൽകാൻ വൈകിയാൽ 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.