
അടൂർ മരുതിമൂട്ടിൽ സ്വകാര്യ ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; ബസ് സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി യുവാവ് ടയറിനടിയിലേക്ക് വീണു
സ്വന്തം ലേഖകൻ
അടൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കയറിയറങ്ങി യുവാവിന് ദാരുണാന്ത്യം. കായംകുളം പുനലൂർ സംസ്ഥാന പാതയിൽ ഏനാദിമംഗലം മരുതിമൂട് പള്ളിയ്ക്ക് സമീപത്ത് വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. പതാരംശാന്തിനികേതനം മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് അസിസ്റ്റന്റ് ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ വല്ലത്ത് വീട്ടിൽ വി.ഒ ബാബുവിന്റെയും മറിയാമ്മ ബാബുവിന്റെയും മകൻ അനിൽ ബാബു (42)വാണ് മരിച്ചത്. കായംകുളം – പുനലൂർ സംസ്ഥാന പാതയിലായിരുന്നു അപകടം. ഏനാദിമംഗലം മരുതിമൂട് പള്ളിയ്ക്ക് സമീപത്ത് വച്ചാണ് യുവാവ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബസ് ഇടിച്ചത്. പത്തനാപുരത്തു നിന്നും അടൂരിലേയ്ക്ക് വരികയായിരുന്നു സ്വകാര്യ ബസ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഈ ബസിന്റെ വശം സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി. നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ ബസിന്റെ ചക്രങ്ങളുടെ അടിയിലേയ്ക്ക് മറിഞ്ഞു വീണു. പെന്നീസ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് കേസെടുത്തിട്ടുണ്ട്. അനിലിന്റെ വയറ്റിലൂടെ ബസിന്റെ ചക്രങ്ങൾ ഉടൻ തന്നെ കയറിയിറങ്ങി. ഭാര്യ – ബിന്ദു, മക്കൾ ജാനി. മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.