കടല്‍കടന്നൊരു സാന്ത്വനം : ഓട്ടിസം ബാധിച്ച് ജന്മനാതന്നെ ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത് വിദേശ ദമ്പതികൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: ഓട്ടിസം ബാധിച്ച് ജന്മനാതന്നെ ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത് ഓഹായോവില്‍ നിന്നുള്ള ദമ്പതികൾ ആയ മാത്യുഫഗാനും മിന്‍ഡിയും.
മാതാപിതാക്കള്‍ ആരെന്നുപോലും അറിയാതെ, ഉപേക്ഷിക്കപ്പെട്ട ഇവളെ പ്രതീക്ഷയെന്ന് പേരിട്ടുവിളിക്കാം. പ്രത്യേക പരിചരണം വേണ്ട ഈ കുഞ്ഞ്, കോഴിക്കോട് കൊയിലാണ്ടിയിലെ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രമായ നെസ്റ്റിലായിരുന്നു ഇത്രയും നാള്‍. ആരോരുമില്ലാത്തവരെ ദത്തെടുക്കാന്‍ ആളുകളുണ്ടാകുമെങ്കിലും പ്രത്യേക പരിചരണം ആവശ്യമുളള ഇത്തരം കുരുന്നുകളെ നോക്കാനാളുണ്ടാകില്ല എന്ന തിരിച്ചറിവ് മാത്യുവിനെ കേരളത്തിലേക്കെത്തിച്ചു.
അമേരിക്കന്‍ വൈമാനികനായ മാത്യുഫഗാന്, ഇന്ത്യയും കേരളുമല്ലാം നേരത്തെതന്നെ കേട്ടറിയാം. ഒരുപാടിഷ്ടപ്പെടുന്ന നാട്ടില്‍ നിന്നുതന്നെ തന്‍റെ സന്ദേശവും കാഴ്ചപ്പാടും വ്യക്തമാക്കണമെന്ന നിര്‍ബന്ധവും മാത്യുവിനുണ്ടായിരുന്നു. അങ്ങിനെ, കുഞ്ഞുങ്ങളുളള മാത്യുവും ഭാര്യ മിന്‍ഡിയും ഭിന്നശേഷിക്കാരായ കുരുന്നുകളെ ദത്തെടുക്കാനുളള സര്‍ക്കാര്‍ സംവിധാനം വഴി അപേക്ഷ നല്‍കി. വിദേശിയായതിനാല്‍ മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങളുടെ സങ്കീര്‍ണത. ഒടുവില്‍ കോഴിക്കോട് കുടുംബകോടതി സാക്ഷിയാക്കി ഒന്നരവയസ്സുകാരിയെ മാത്യുവും മിന്‍ഡിയും ചേര്‍ന്ന് മക്കള്‍ക്കൊപ്പം കൂടെകൂട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ദത്തെടുക്കലിന് പിന്നില്‍ മറ്റൊരു കഥകൂടിയുണ്ടെന്ന് മാത്യു. തന്റെ പിതാവ് ഒരു റഷ്യന്‍ കുരുന്നിനെ ജീവിതത്തോടൊപ്പം ചേര്‍ത്തിരുന്നു. അവന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം മാത്യുഫഗാന്‍ ഉള്‍പ്പെടുന്ന കുടുംബത്തിനൊപ്പം. പിതാവ് കാണിച്ചുതന്ന സഹജീവി സ്നേഹത്തിന്‍റെ മാതൃക പിന്തുടരുകമാത്രമാണ് താന്‍ ചെയ്തതെന്നു മാത്രമാണ് മാത്യുപറയുന്നത്. ദൈവത്തിന്റെ കരങ്ങളല്ല, സാഹോദര്യവും പാരസ്പര്യവുമാണ് ഇവരെ തിരിച്ചുപിടിക്കാനുണ്ടാവേണ്ടതെന്നും.
ഇനി മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിശോധിക്കാം. മറ്റേതൊരു കുരുന്നിനെയും പോലെ, താരാട്ടും തലോടലും ആഗ്രഹിക്കുന്നവരെങ്കിലും, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ അങ്ങിനെയല്ല.
രക്ഷിതാക്കളുടെ മരണമുള്‍പ്പെടെയുളള പലപല കാരണങ്ങളാല്‍ മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ ഒറ്റപ്പെടുമ്ബോള്‍, കുരുന്നിന് അവശകതളുണ്ടെന്ന് തിരിച്ചറിയുമ്ബോള്‍തന്നെ ഉപേക്ഷിപ്പെടുന്ന കുരുന്നുകളുടെ എണ്ണവും സംസ്ഥാനത്ത് കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു . സാമൂഹ്യ നീതി വകുപ്പ് 2015ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം കേരളത്തിലാകെ 7,93,937 പേര്‍ ഭിന്നശേഷിക്കാരാണ്. കേരളജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇവരില്‍ 1,30,798 പേര്‍ 19 വയസില്‍ താഴെ പ്രായമുള്ളവര്‍. ഇതില്‍ 18,114 പേര്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് കഴിയുന്നത്.