
നഗരസഭാ ചെയര്‍പേഴ്സണ് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം സിപിഎമ്മിലെ കുതന്ത്രം: ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചു: പ്രശ്നം മുഖ്യമന്ത്രിതലത്തിലെത്തിയതോടെ പാർട്ടി ഏരിയ നേതാക്കൾ വെട്ടിലായി: അടൂർ നഗരസഭ ചെയർപേഴ്സണെ മാറ്റാൻ സി പി എം നടത്തിയ ഒളിപ്പോര് ചീറ്റിപ്പോയി
അടൂര്‍: നഗരസഭാ ചെയര്‍പേഴ്സണ് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച കൗണ്‍സിലര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍ പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ കൗണ്‍സിലര്‍ റോണി പാണം തുണ്ടിലിനെതിരെയാണ് ഏരിയ കമ്മിറ്റി അംഗം കൂടിയായ അടൂര്‍ നഗരസഭാ അധ്യക്ഷ വക്കീല്‍ നോട്ടീസ് അയച്ചത്.
ശബ്ദരേഖ സംബന്ധിച്ച ആരോപണം പിന്‍വലിച്ച് പത്രമാധ്യങ്ങള്‍ വഴിയും പരസ്യമായും മാപ്പ് പറയണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും ദിവ്യാ റെജി മുഹമ്മദ് റോണി പാണം തുണ്ടിലിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. വക്കീല്‍ നോട്ടീസ് സംബന്ധിച്ച വിവരം റോണിയോട് ആരാഞ്ഞപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരാഴ്ച മുന്‍പാണ് നഗരസഭാംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ റോണി പാണം തുണ്ടില്‍ ശബ്ദരേഖ പങ്കുവച്ചത്. ലഹരിക്കെതിരെ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുന്നതിനിടെ ഉയര്‍ന്ന ശബ്ദരേഖാ വിവാദം പാര്‍ട്ടിക്കുളളിലും പുറത്തും ഒരുപോലെ വിവാദമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്,ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അടൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റിനു സമീപം രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന തട്ടുകയെ ചുറ്റിപ്പറ്റിയാണ് ശബ്ദരേഖ പിറന്നത്.
അതേ സമയം, ആരോപണത്തിന് കാരണമായത് സിപിഎമ്മിനുള്ളിലെ ഗ്രൂപ്പിസമാണെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് നീക്കി ഏരിയാ, ജില്ലാ നേതാക്കള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കൗണ്‍സിലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ലഹരി മരുന്ന് ബന്ധം സംബന്ധിച്ച ആരോപണമെന്ന് പറയുന്നു.
അടൂര്‍ നഗരസഭ ഭരണം സിപിഎമ്മും സിപിഐയും പങ്കു വയ്ക്കുകയായിരുന്നു. ആദ്യ ഊഴത്തില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ഡി. സജി ആയിരുന്നു ചെയര്‍പേഴ്സണ്‍. ദിവ്യ റെജി മുഹമ്മദ് വൈസ് ചെയര്‍പേഴ്സനുമായി. രണ്ടര വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് ലഭിച്ചു.
സിപിഎം കൗണ്‍സിലര്‍മാരായ ഷാജഹാന്‍, മഹേഷകുമാര്‍ എന്നിവര്‍ ചെയര്‍മാനാകാന്‍ രംഗത്തു വന്നു. ഏരിയാ സെക്രട്ടറിക്കും ജില്ലാ നേതാക്കള്‍ക്കും ഷാജഹാനെ ചെയര്‍മാനാക്കാനായിരുന്നു താല്‍പര്യം. ഇദ്ദേഹമാകട്ടെ പട്ടികജാതിക്കാര്‍ക്കുള്ള ഭൂമി മറിച്ചു വിറ്റ് അഴിമതി നടത്തിയ കേസില്‍ പ്രതിയാണ്. തര്‍ക്കം മുറുകിയപ്പോള്‍ ദിവ്യ റെജി മുഹമ്മദിനെ ചെയര്‍പേഴ്സണ്‍ ആക്കാന്‍ നേതൃത്വം തീരുമാനിച്ചു. അവസാന ഒരു വര്‍ഷം ഷാജഹാന് നല്‍കാമെന്ന് വാക്കാല്‍ ധാരണയുമുണ്ടാക്കി.
ഇതേ രീതിയില്‍ കടമ്പനാട് പഞ്ചായത്തിലും സിപിഎം പ്രസിഡന്റ് സ്ഥാനം പങ്കു വയ്ക്കാന്‍ ധാരണയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന അംഗം സിന്ധു ദിലീപ് കടമ്ബനാട് പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, ഏരിയാ നേതാവ് ഇടപെട്ട് ബന്ധു കൂടിയായ പുതുമുഖം പ്രിയങ്ക പ്രതാപിനെ പ്രസിഡന്റാക്കി. രണ്ടര വര്‍ഷം കഴിഞ്ഞ് സിന്ധുവിന് കൊടുക്കാമെന്നും ധാരണയുണ്ടാക്കി.
പ്രസിഡന്റായ പ്രിയങ്ക പാര്‍ട്ടിക്ക് വഴങ്ങാതെ മുന്നോട്ടു പോയെങ്കിലും ധാരണ പ്രകാരം മാറ്റി സിന്ധുവിന് കൊടുക്കാന്‍ ഏരിയാ-ജില്ലാ നേതൃത്വങ്ങള്‍ തയാറായില്ല. ഇതേ കാരണം കൊണ്ടു തന്നെ അടൂര്‍ നഗരസഭയില്‍ ദിവ്യയെ മാറ്റി മറ്റൊരാള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം കൊടുക്കണ്ട എന്ന അഭിപ്രായം ഉയര്‍ന്നു. ഷാജഹാന്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടതോടെ വെട്ടിലായ ഏരിയ നേതൃത്വം ദിവ്യയെ മാറ്റുന്നതിന് കണ്ടു പിടിച്ച കുറുക്കു വഴിയായിരുന്നു ലഹരി മരുന്ന് ബന്ധമെന്ന ആരോപണം.
സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി സമരവും തുടങ്ങി. സിപിഎം വിചാരിക്കുന്നതു പോലെ കോണ്‍ഗ്രസ് നീങ്ങിയെങ്കിലും ലഹരി മരുന്ന് മാഫിയ ബന്ധമെന്ന ആരോപണം പാര്‍ട്ടിയില്‍ തിരിച്ചടിച്ചു.
ക്ലീന്‍ ഇമേജുള്ള ദിവ്യയ്ക്ക് എതിരേ വന്ന ആരോപണത്തിന് പിന്നില്‍ ഏരിയാ നേതൃത്വമാണെന്ന് പുറത്തു വരുമെന്ന് കണ്ടതോടെ റോണി പാണംതുണ്ടിലിനെതിരേ വിശദീകരണം ചോദിച്ചുള്ള നാടകം അരങ്ങേറി. എന്നാല്‍, ആരോപണം മൂലം മാനസികമായി തകര്‍ന്ന ദിവ്യ റെജി മുഹമ്മദ് സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. രാജി വയ്ക്കില്ലെന്ന നിലപാടുമെടുത്തു.
തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച റോണിക്കെതിരേ നിയമ നടപടി കൂടിയായതോടെ ഏരിയാ നേതൃത്വം വെട്ടിലായിരിക്കുകയാണ്. സിപിഎം നഗരസഭാധ്യക്ഷയ്ക്കെതിരേ സ്വന്തം പാര്‍ട്ടി അംഗം തന്നെ ശബ്ദരേഖ ഇട്ടതും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ് എന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം എന്നറിയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വന്നേക്കും.