‘സഹായം നൽകുന്നത് മുൻപരിചയം ഇല്ലാത്തവര്‍ക്ക്, തിരക്കഥ മാത്രം നോക്കി എടുക്കുന്ന പടം ‘പപ്പടം’ ആയിരിക്കും’; വിവാദത്തിൽ പ്രതികരിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ

Spread the love

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. പിന്നാേക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും.

ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ആരും അധിക്ഷേപം നടത്തിയിട്ടില്ല. താൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. ഒന്നരക്കോടിയെന്നത് വലിയ തുകയാണ്. ഈ പണം സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചിലവ് കൂടുന്നത്. താൻ 30 ദിവസത്തിനുള്ളിൽ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കും.

ഈ മാധ്യമത്തെക്കുറിച്ച് അറിവുള്ളതിനാലാണ് അനാവശ്യ ചിലവില്ലാതെ സിനിമ പൂര്‍ത്തിയാക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. 50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നൽകുന്നതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. മുൻ പരിചയമില്ലാത്തവര്‍ക്കാണ് സഹായം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ക്ക് ഓറിയന്‍റേഷൻ നൽകണമെന്നാണ് പറഞ്ഞത്. തുക നൽകേണ്ടന്നല്ല പറഞ്ഞതെന്നും അത് സൂക്ഷിച്ച് ചെലവാക്കേണ്ടതാണെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അത് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. താൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.

പുഷ്പവതിക്കെതിരെ അടൂര്‍

സിനിമ എടുക്കാൻ സർക്കാർ സഹായം നൽകുന്നതിൽ എതിർപ്പില്ല. പടം എടുത്തവർ മുഴുവൻ പരാതി പറയുകയാണ്. കെഎസ്എഫ്ഡിസി പണം എങ്ങനെയൊക്കെയോ ചെലവിടുകയാണ്. പിന്നാക്ക വിഭാഗക്കാർക്കും വനിതകൾക്കും വേണ്ടിയാണു സംസാരിച്ചത്. സിനിമ കോണ്‍ക്ലേവിനിടെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെയും അടൂര്‍ തുറന്നടിച്ചു.

തന്‍റെ സംസാരം തടസ്സപ്പെടുത്താൻ അവർക്ക് എന്ത് അവകാശമാണുള്ളതെന്നും അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തനല്ലെന്നും അടൂര്‍ തുറന്നടിച്ചു. ആരാണ് അവര്‍ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടൂരിന്‍റെ രോഷ പ്രകടനം. താൻ സംസാരിക്കുന്നതിനിടെ ഇടപെട്ട അവര്‍ക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്?. വഴിയെ പോകുന്നവര്ക്ക് എന്തും പറയാം എന്നാണോ?. ഇത് ചന്തയൊന്നുമല്ലെന്നും മന്ത്രി എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.

ആരെയും അധിക്ഷേപിച്ചിട്ടില്ല

താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമ കോണ്‍ക്ലേവിൽ സംസാരിച്ചപ്പോള്‍ ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണ് തെറ്റെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. ഓടും മുൻപ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോയെന്നും അടൂര്‍ ഗോപാലകൃഷ്ണൻ ചോദിച്ചു. നല്ല പരിശീലനം നടത്തിയാലെ നല്ല സിനിമ ഉണ്ടാകുകയുള്ളു. മന്ത്രിക്ക് ഇക്കാര്യം അറിയില്ല. അദ്ദേഹം താൻ പറഞ്ഞതിനെ പ്രതിരോധിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.