അടൂരിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ കയ്യേറ്റം: ടിക്കറ്റ് ചോദിച്ചതിന് തെറി വിളിയും, ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹാസവും

Spread the love

 

പത്തനംതിട്ട: ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും കയ്യേറ്റവും. അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച‌ രാത്രി 8.40-ഓടെയാണ് സംഭവം.

 

കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് വരുന്ന യാത്രാമധ്യേയാണ് സംഭവം. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോൾ കണ്ടക്ടർ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാൾ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരൻ കണ്ടക്‌ടറോട് തട്ടിക്കയറിയത്.

 

ടിക്കറ്റ് കാണിക്കാൻ തയ്യാറാകാതിരുന്ന ഇയാൾ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയുംചെയ്‌തു. “രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാൻ, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടിൽ കഞ്ഞികുടിച്ചോ” എന്നായിരുന്നു ഇയാൾ പറഞ്ഞത്. സംഭവത്തിൽ അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group