play-sharp-fill
അടൂർ ജനറൽ ആശുപത്രിയിലെ മാലിന്യക്കൂമ്പാരം; യുവതിയുടെ എഫ്ബി ലൈവിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രി

അടൂർ ജനറൽ ആശുപത്രിയിലെ മാലിന്യക്കൂമ്പാരം; യുവതിയുടെ എഫ്ബി ലൈവിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രി

സ്വന്തംലേഖിക

പത്തനംതിട്ട : അടൂർ ജനറൽ ഹോസ്പിറ്റലിന്റെ മാലിന്യക്കൂമ്പാരം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി പുറത്ത് കൊണ്ടുവന്നതിനെ തുടർന്ന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നു. ഫർസാന പർവീൺ എന്ന വിദ്യാർത്ഥിയുടെ ഫേസ്ബുക് ലൈവാണ് മറ്റുള്ളവർ അത് ഏറ്റുപിടിച്ചതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നടപടി സ്വീകരിക്കുന്നത്.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനെത്തിയപ്പോൾ ആശുപത്രി കെട്ടിടത്തിനു പുറകിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം സഹിക്കാനാവാതെ ഇത് സമൂഹ മാധ്യമങ്ങളിൽ അറിയിക്കുകയായിരുന്നു. രോഗി കിടക്കുന്ന റൂമിന്റെ ജനൽ തുറന്ന് മാലിന്യത്തിന്റെ ദൃശ്യങ്ങൾ ഫർസാന പുറത്തുവിട്ടിരുന്നു. മാലിന്യം അവിടെ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ മാത്രമേ തനിക്ക് പങ്കുവെയ്ക്കാൻ സാധിക്കൂവെന്നും രോഗികൾ സഹിക്കുന്ന ദുർഗന്ധത്തെ കാണിക്കാൻ സാധിക്കില്ലെന്നും വീഡിയോയിൽ ഫർസാന പറയുന്നുണ്ട്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടെങ്കിലും താൻ ചാർജെടുത്തിട്ട് ആറ് മാസം മാത്രമേ ആയൊള്ളൂവെന്ന മറുപടിയാണ് നൽകിയത്.പിന്നീട് സെക്യൂരിട്ടിക്കാരനെ ഉപയോഗിച്ച് ഫർസാനയേയും സുഹൃത്തിനേയും മുറിയിൽ നിന്നും പുറത്താക്കി. എന്നാൽ സംഭവം വിവാദമായതോടെ അധികൃതർ അടൂർ ജനറൽ ആശുപത്രി റസെഡൻഷ്യൽ മെഡിക്കൽ ഓഫീസർ (ആർഎംഒ) ഡോ. നിഷാദിനോട് ഇതുസംബന്ധിച്ചുള്ള സ്ഥിതിഗതികൾ ആരായുകയും അടിയന്തിര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.കൂടാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ ആശുപത്രിക്ക് വേണ്ട അടിയന്തിര സഹായങ്ങൾ നടപ്പിലാക്കുന്നതിനായി 91 ലക്ഷം ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം ആശുപത്രിയിലെ ഡ്രെയിനേജ് സംവിധാനം തകരാറിലാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഡിഎംഒ അറിയിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.