എ ഡി എം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണന്ന് കുടുംബം വിശ്വസിക്കുന്നില്ല: പോസ്റ്റുമോര്‍ട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തണമെന്നും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു: ഇന്‍ക്വസ്റ്റ് കഴിഞ്ഞാണ് വിവരം അറിയുന്നതെന്ന് ബന്ധു: ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ല:മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലന്നും കുടുംബം .

Spread the love

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെന്ന പോലീസ് സത്യവാങ്മൂലം തള്ളി കുടുംബം. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറയുന്നു.

മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തണമെന്നും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇന്‍ക്വസ്റ്റ് കഴിഞ്ഞാണ് വിവരം അറിയുന്നത്. – നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി.നായര്‍ പറഞ്ഞു.

‘ആന്തരിക അവയവങ്ങള്‍ പോലും സൂക്ഷിച്ചിരുന്നില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയാണ് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. സിബിഐ നിഷ്പക്ഷമല്ലെന്ന് പറയുമ്പോള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിഷ്പക്ഷമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ഗൂഡാലോചന സംബന്ധിച്ച്‌ അന്വേഷണം നടത്തിയിട്ടില്ല.” – അനില്‍ പി.നായര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ പരിശീലനത്തിന്; അനുമതി നല്‍കി സര്‍ക്കാര്‍

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമിന്ന് സര്‍ക്കാര്‍ പറയുന്നു.

പി.പി.ദിവ്യയെ കുറ്റപ്പെടുത്തിയാണ് സത്യവാങ്മൂലം നല്‍കിയത്. ക്ഷണിക്കാതെയാണ് യോഗത്തിലേക്ക് ദിവ്യ എത്തിയത്. മറ്റുള്ളവരുടെ മുന്നില്‍വച്ച്‌ എഡിഎമ്മിനെ തേജോവധം ചെയ്തു. ആ വിഷമത്തിലാണ് എഡിഎം ആത്മഹത്യ ചെയ്തത്. ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊലപാതക സൂചന അന്വേഷണത്തില്‍ ഒരിടത്തുമില്ല. ദിവ്യയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ വസ്തുതയില്ല. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല. സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി 12ന് വീണ്ടും പരിഗണിക്കും.

ഒക്ടോബര്‍ 14ന് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച്‌ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സംസാരിച്ചത് വിവാദമായിരുന്നു. ഈ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂരിലുള്ള ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പ്രതിയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും സിപിഎം നീക്കിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിവ്യ നിലവില്‍ ജാമ്യത്തിലാണ്. കേസ് അന്വേഷണം നിഷ്പക്ഷമല്ലെന്ന് പറഞ്ഞ് സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.