
കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വാദം കേട്ടത്.
സിപിഎം നേതാവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്നാണ് പരാതി. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു.
കേസിൽ സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കിയിട്ടില്ലന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും സുതാര്യമായ ഒരു അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും കുടുംബം ഹർജിയിൽ പറയുന്നു. എന്നാൽ, അന്വേഷണം നേരായ വഴിക്കാണെന്നും സിബിഐയുടെ ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീൻബാബുവിന്റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുടുംബത്തിന് പരാതിയുണ്ടെങ്കിൽ കൊലപാതക സാധ്യതയും പരിശോധിക്കും. നിലവിൽ നടക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള വിശദമായ അന്വേഷണമെന്നും സർക്കാർ വിശദീകരിച്ചു. അതേസമയം, കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ നിലപാട്.