25000 രൂപയ്ക്ക് ഈടായി മകനെ പിടിച്ചു വച്ചു: രൂപയുമായി വന്നപ്പോൾ മകൻ മരണപ്പെട്ടു: ആദിവാസി കുടുംബം നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത .

Spread the love

അമരാവതി: 25000 രൂപ കടം വാങ്ങിയതിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത.

കടം നല്‍കിയ ആള്‍ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതില്‍ ഒരുകുട്ടി മരണപ്പെടുകയും ചെയ്ത സംഭവമാണ് ഇപ്പോള്‍ വലിയ ചർച്ചയാകുന്നത്.

എൻഡിടിവിയിലെ റിപ്പോർട്ട് അനുസരിച്ച്‌ യാനാഡി ആദിവാസി സമുദായത്തില്‍പ്പെട്ട അനകമ്മയും ഭർത്താവ് ചെഞ്ചയ്യയും അവരുടെ മൂന്ന് മക്കളും ഒരു താറാവ് കർഷന് വേണ്ടി ഒരു വർഷം ജോലി ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെഞ്ചയ്യ മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോള്‍ തൊഴിലുടമ അവരെ വിലക്കി. മരിച്ചുപോയ ഭർത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതെ തുടർന്ന് അനകമ്മയോടും മക്കളോടും അവിടെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. കൂലി കണക്കാക്കി ജോലി ചെയ്ത് കടം വീട്ടാമെന്ന് അനകമ്മയും കുടുംബവും കരുതി. എന്നാല്‍ ദീർഘസമയം ജോലി ചെയ്താലും കുറഞ്ഞ കൂലിയാണ് നല്‍കിയത്. കൂലി കൂട്ടി ചോദിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനൊടുവിലാണ് തനിക്ക് പോയേ തീരൂവെന്നും 25000 പണം എങ്ങനെയെങ്കിലും തരാമെന്നും ഇവർ തൊഴിലുടമയെ അറിയിച്ചത്.

അപ്പോഴാണ് തൊഴിലുടമ വളരെ വിചിത്രമായ ആവശ്യം മുന്നോട്ടുവെച്ചത്. കടം വാങ്ങിയ 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 രൂപ കൂടി നല്‍കണം. ആകെ 45,000 രൂപ നല്‍കാതെ മടങ്ങാൻ അനുവദിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. നിവൃത്തിയില്ലാതെ എല്ലാത്തിനുമായി 10 ദിവസത്തെ സമയം അനകമ്മ ചോദിച്ചു. എന്നാല്‍ ഈടൊന്നുമില്ലാതെ നടക്കില്ലെന്നായി തൊഴിലുടമ. അനകമ്മയ്ക്ക് പോകാമെന്നും ഒരു ഉറപ്പിനായി മകനെ ഇവിടെ ജോലിയ്ക്ക് നിർത്തണമെന്നും ഇയാള്‍ പറഞ്ഞു. പണം ലഭിച്ച്‌ കഴിഞ്ഞാല്‍ വിട്ടയക്കാമെന്നായി ഇയാളുടെ നിലപാട്. മറ്റ് വഴിയില്ലാതെ അനകമ്മ ഇത് അംഗീകരിച്ചു.

പോയതിന് ശേഷം മകനുമായി അനകമ്മ ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. അമ്മ വേഗം വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകണമെന്നും അമിതമായി പണിയെടുപ്പിച്ച്‌ കഷ്ടപ്പെടുത്തുകയാണെന്നും മകൻ പറഞ്ഞു. ഏപ്രില്‍ 12 നാണ് അവസാനമായി കുട്ടിയോട് സംസാരിച്ചത്. കഴിഞ്ഞയാഴ്ച പണം സംഘടിപ്പിച്ച്‌ തൊഴിലുടമയെ ഫോണില്‍ വിളിച്ച്‌ മകനെ കൊണ്ടുപോകാൻ വരികയാണെന്ന് പറഞ്ഞു. എന്നാല്‍ മകൻ സ്ഥലത്തില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് പോയെന്നുമൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നീട് മകനെ ആശുപത്രിയിലാക്കിയെന്നും അത് കഴിഞ്ഞ് ഓടിപ്പോയെന്നുമൊക്കെ പറഞ്ഞൊഴിഞ്ഞു.

മകന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഭയന്ന അനകമ്മ ചില ആദിവാസി നേതാക്കളുടെ സഹായത്തോടെ ലോക്കല്‍ പോലീസിനെ സമീപിച്ച്‌ പരാതി നല്‍കി. തൊഴിലുടമയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചെന്നും മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് തങ്ങളുടെ ബന്ധുവീടുകള്‍ക്കടുത്ത് കൊണ്ടുപോയി സംസ്കരിച്ചെന്നും പറഞ്ഞത്. ഇതോടെ തൊഴിലുടമയും ഭാര്യയും മകനും അറസ്റ്റിലായി. കുട്ടി മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചെന്നാണ് ഇവർ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് സിസിടിവികളില്‍ നിന്ന് കണ്ടെത്താൻ സാധിച്ചു.

തൊഴിലുടമ പറഞ്ഞ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്ബോള്‍, അനകമ്മയും മക്കളും നിലത്തിരുന്ന് വാവിട്ട് കരയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനും മറ്റു പരിശോധനകളുടെയും റിപ്പോർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അധികൃതർ.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബാലവേല തടയല്‍, ബാലനീതി ഉറപ്പാക്കല്‍, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കെതിരേയുള്ള അക്രമവും ചൂഷണവും തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിലവിലെ കേസ്.

യാനാഡി വിഭാഗത്തിലെ ആദിവാസികള്‍ പ്രത്യേകിച്ച്‌ നിർബന്ധിത ജോലിയ്ക്ക് ഇരയാകുന്നവരാണെന്നും സമീപകാലത്ത് ഈ വിഭാഗത്തിലെ 50 പേരെ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തക പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.