
“ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടമെന്നാണ് വിദഗ്ധരും പൊലീസും അന്ന് പറഞ്ഞത്. ഇപ്പോള്‍ മറ്റൊരഭിപ്രായം പറയുന്നതെങ്ങനെ,വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവില്ല”;തൃശ്ശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി ആദിത്യ ശ്രീ മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന ഫൊറൻസിക് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കുട്ടിയുടെ അച്ഛന്‍.
സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശ്ശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി ആദിത്യ ശ്രീ മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന ഫൊറൻസിക് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കുട്ടിയുടെ അച്ഛന്‍.വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവില്ലെന്ന് കുട്ടിയുടെ അച്ഛന്‍ അശോകൻ പറഞ്ഞു.മകളുടെ മരണം നടന്നതിന് പിന്നാലെ വിശദ പരിശോധന നടന്നിരുന്നു. അപകടം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചെന്നാണ് ഫോറൻസിക് വിദഗ്ധരും പൊലീസും അന്ന് പറഞ്ഞത്. ഇപ്പോള്‍ മറ്റൊരഭിപ്രായം പറയുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. അപകടം നടന്നതിന് പിന്നാലെ ഫോണിന്റെ ബാറ്ററിക്ക് കേടു പറ്റി എന്ന് കാണിച്ചു തന്നിരുന്നു. ഇപ്പോള്‍ ബാറ്ററിക്ക് കേടില്ല എന്നാണ് പറയുന്നത്. നാളെ എസിപിയെ കാണുന്നുണ്ട്. രാസപരിശോധനാ ഫലം ആവശ്യപ്പെടുമെന്നും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പുതിയ നിഗമനം. പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. പറമ്ബില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തില്‍ കുന്നംകുളം എ.സി.പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു സംഭവം. വീഡിയോ കാണുന്നതിനിടയില്‍ കുട്ടി ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പുതപ്പിനടിയില്‍ കിടന്ന് ഫോണില്‍ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ് അശോക് കുമാര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. വീടിനുള്ളില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിരുന്നു.