ടൈൽ ഇട്ടതിനെ ചൊല്ലിയുള്ള തർക്കം : ദമ്പതിമാരെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
സ്വന്തം ലേഖകൻ
അങ്കമാലി: ടൈൽ ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ദമ്പതിമാരായ യുവതിയെയും യുവാവിനെയും വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ (പറപ്പിള്ളി) വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ നിഷിൽ (31) ആണ് ആത്മഹ്യ തീകൊളുത്തി ചെയ്തത്.
പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവരെയാണ് നിഷിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. നിഷിൽ മാസങ്ങൾക്കു മുൻപ് ഡൈമിസിന്റെ വീട്ടിൽ ടൈൽ പതിക്കുന്ന ജോലിക്ക് വന്നിരുന്നു. ഒരാഴ്ച മുമ്ബ് നിഷിൽ ഡൈമിസിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റവും കൈയേറ്റവും നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെ ഡൈമിസ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ കത്തിയും പെട്രോളുമായാണ് നിഷിൽ ഡൈമിസിന്റെ വീട്ടിലെത്തുകയായിരുന്നു. നിഷിൽ എത്തുമ്പോൾ ഡൈമിസും ഫിഫിയും വീട്ടിലുണ്ടായിരുന്നില്ല.
ഇവർ വരുന്നത് വരെ കാത്തിരുന്ന നിഷിൽ ഫിഫിയെയാണ് ആദ്യം കുത്തിയത്. ഫിഫിയ്‌ക്കെതിരായ ആക്രമണം തടയാൻ ചെന്ന ഡൈമിസിനെയും ആക്രമിച്ചു. ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റത്.
തുടർന്ന് നിഷിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ മുറ്റത്ത് കിടന്നിരുന്ന കാറിൽ കയറാൻ ശ്രമിച്ചെങ്കിലും യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. കാറ് ഭാഗികമായി കത്തി നശിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നിഷിൽ മരിച്ചത്.
രമണിയാണ് നിഷിലിന്റെ അമ്മ. സഹോദരി: നിമ. ഡൈമിസിനെയും ഫിഫിയെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.