
ഇടുക്കി: കാറിൽ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 6.590 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായത്. ഇരുമ്പുപാലത്തിനു സമീപം പത്താംമൈൽ ഭാഗത്ത് നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ കഞ്ചാവുമായി വന്ന കെ.എൽ 25 ജി 2921 മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. ഒഡീഷയിൽ നിന്നുള്ള സംഘത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്.
അബ്ബാസ് അടിമാലി-മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസ്സിൽ ചെക്കറായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതിനിടെ ഒഡീഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരുന്ന വഴിയാണ് എക്സൈസ് പിടികൂടിയത്. എന്നാൽ ഒഡീഷയിൽ നിന്നും എത്തിച്ച ബാക്കി കഞ്ചാവ് ശേഖരം എവിടെയാണെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഇയാളോടൊപ്പം കൂടുതൽ സംഘാംഗങ്ങൾ ഉള്ളതായി സൂചനയുണ്ട്. പതിവായി കഞ്ചാവ് എത്തിച്ചു നൽകുന്നവരുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ ദിലീപ്, ബിജു മാത്യു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) നെൽസൻ മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ പി വർഗ്ഗീസ്, അലി അഷ്കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group