video
play-sharp-fill
ആന്ധ്രപ്രദേശില്‍ നിന്നും വിവിധ ജില്ലകളിലെത്തിച്ച്‌ വിൽപ്പന; അടിമാലിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആന്ധ്രപ്രദേശില്‍ നിന്നും വിവിധ ജില്ലകളിലെത്തിച്ച്‌ വിൽപ്പന; അടിമാലിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സ്വന്തം ലേഖിക

ഇടുക്കി: അടിമാലിയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായി.

ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍വാലി വില്ലേജില്‍ ഇരുപതേക്കര്‍ കരയില്‍ കുളക്കാച്ചി വയലില്‍ മഹേഷ് മണി (21)യാണ് എക്സൈസ് സംഘം തന്ത്രപരമായി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ കൈവശം 5.295 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. ഇരുമ്പുപാലം മേഖലയില്‍ മയക്കുമരുന്നിൻ്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടര്‍ന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് പ്രതിയെ സാഹസികമായി എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്.

മണം പുറത്ത് വരാത്ത രീതിയില്‍ പ്ലാസ്റ്റിക്ക് ടേപ്പുകള്‍ കൊണ്ട് സീല്‍ ചെയ്ത് ട്രെയിൻ മാര്‍ഗ്ഗം ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായത്. ആന്ധ്രപ്രദേശില്‍ പോയി കഞ്ചാവ് കൊണ്ട് വന്ന് സൂക്ഷിച്ച്‌ കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന കണ്ണിയില്‍ പെട്ടയാളാണ് യുവാവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം കുറിച്ച്‌ എക്സൈസ് സംഘം ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. മുപ്പതിനായിരം രൂപയ്ക്കാണ്‌ ഒരു കിലോ കഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്നത്.
മുൻപ് സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് വെട്ടുകേസിലടക്കം ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട് ഇയാള്‍.

അടിമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടര്‍ എ കുഞ്ഞുമോൻ്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവൻ്റീവ് ഓഫീസര്‍മാരായ കെ വി സുകു ,റോയിച്ചൻ കെ പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മീരാൻ കെ എസ്, രാഹുല്‍ കെ രാജ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവി ദാസ്, ശരത്ത് എസ് പി എന്നിവരാണ് പങ്കെടുത്തത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കും.