അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി

Spread the love

ഇടുക്കി : ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി. കളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി ധനസഹായം നല്‍കിയത്. തുക നല്‍കുന്നതില്‍ ദേശീയപാത വിഭാഗം കാലതാമസം വരുത്തിയതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. ബിജുവിന്റെ മകള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്.

video
play-sharp-fill

ബിജുവിന്റെ മരണത്തില്‍ സർക്കാർ ധനസഹായം നല്‍കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും കളക്ടർ വ്യക്തമാക്കി. മനുഷ്യനിർമിത ദുരന്തമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ നിയമപ്രകാരം തുക നല്‍കാനാവില്ല. അത് സംബന്ധിച്ച്‌ സർക്കാർ തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് അടിമാലിയിലെ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ ബിജുവും ഭാര്യ സന്ധ്യയും അപകടത്തില്‍പ്പെട്ടത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിച്ചിലില്‍ ഇരുവരും പെട്ടെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ സന്ധ്യയെ പുറത്തെടുത്തു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാനായില്ല. ഏഴുണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണലാണ് അന്ന് സന്ധ്യയുടെ ചികിത്സാ ചെലവ് വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group